നിക്ക് അമ്മയെ കാണണം, എന്നെ രക്ഷിക്കണേ… ഞാനിവിടെ മരിച്ചുവീഴും’ – സൗദി മരുഭൂമിയിൽ ഹൃദയം പൊട്ടിക്കരഞ്ഞുള്ള ഇന്ത്യൻ യുവാവിന്റെ വിഡിയോ വൈറലാണ്. പക്ഷേ, ഉത്തർ പ്രദേശ് സ്വദേശിയായ പ്രവാസിയുടെ ഈ വിഡിയോ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. തന്റെ സമൂഹമാധ്യമ പേജിന് റീച്ച് കൂട്ടാനുള്ള അടവാണ് ഈ പ്രവാസി തൊഴിലാളി കാണിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

സൗദി പൊലീസാണ് വിഡിയോ വൈറലായിതിന് പിന്നാലെ അന്വേഷണം ആരംഭിച്ചത്. യുവാവിനെ വിളിച്ചു വരുത്തിയതൊടെയാണ് സത്യാവസ്ഥ അറിഞ്ഞതെന്ന് പൊലീസ് പറയുന്നു. താൻ പറഞ്ഞത് കള്ളമാണെന്നും സമൂഹമാധ്യമത്തിൽ തന്റെ അക്കൗണ്ടിന് റീച്ച് കൂട്ടാനാണ് ഇങ്ങനെ ചെയ്തതെന്നും യുവാവ് പൊലീസിനോട് സമ്മതിച്ചു. യുവാവിനെതിരെ കർശന നടപടിയെടുക്കാൻ അധികൃതർ തീരുമാനിച്ചുണ്ട്.

യുവാവിന്റെ വിഡിയോ പുറത്തുവന്നതോടെ ഇന്ത്യൻ എംബസി സഹായിക്കണമെന്ന രീതിയിൽ വാർത്ത പ്രചരിച്ചിരുന്നു. യുപിയിലെ പ്രയാഗ് രാജ് ജില്ലയിലെ പ്രതാപ്പൂര്‍ ബ്ലോക്കിലെ ഷേഖ്പൂര്‍ ഛതൗന ഗ്രാമത്തില്‍ നിന്നുള്ള 25 വയസ്സുകാരനായ അങ്കിത് ഭാര്‍തി എന്ന ഇന്ദ്രജിത്താണ് വ്യാജ വിഡിയോ പോസ്റ്റ് ചെയ്ത് റീച്ച് കൂട്ടാൻ ശ്രമിച്ചത്. തന്റെ യാത്രാ രേഖകള്‍ തൊഴിലുടമ പിടിച്ചെടുത്ത് മരുഭൂമിയില്‍ ഒട്ടകങ്ങളെ മേയ്ക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും ഒറ്റപ്പെട്ട് ഭയപ്പെട്ടിരിക്കുകയാണെന്നുമാണ് വിഡിയോയിൽ യുവാവ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് ഇന്ദ്രജിത് റിയാദിൽ എത്തിയത്. ഭാര്യ പിങ്കിയുടെയും ഭാര്യാപിതാവിന്റെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇയാൾ സൗദിയിലേക്ക് വന്നത്. ഭാര്യയും ഭാര്യാപിതാവും ചേര്‍ന്ന് തന്നെ ഈ ജോലിയില്‍ കുടുക്കിയെന്നാണ് യുവാവ് വിഡിയോയില്‍ അമ്മയോട് പറയുന്നത്. എന്നാൽ, ദേഷ്യം വരുമ്പോള്‍ ഭർത്താവ് ഇത്തരം വിഡിയോകള്‍ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാറുണ്ടെന്നാണ് ഭാര്യ പിങ്കി പറഞ്ഞത്.