46 ലക്ഷം വിലമതിക്കുന്ന 234 സ്മാർട്ട്ഫോണുകളാണ് കത്തിയമർന്നത്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ഉണ്ടായ അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത് സ്മാര്ട്ട്‌ഫോണുകളെന്ന് വിലയിരുത്തല്‍. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ 234 സ്മാര്‍ട്ട്‌ഫോണുകളുടെ അവശിഷ്ടമാണ് കണ്ടെടുത്തത്. ഈ ഫോണുകളുടെ ബാറ്ററികള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ ആഘാതം കൂട്ടിതയതെന്നാണ് കരുതുന്നത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി മംഗനാഥ് ആണ് 46 ലക്ഷം വിലമതിക്കുന്ന 243 സ്മാര്‍ട്ട്‌ഫോണുകള്‍ ബെംഗളൂരുവിലെ ഇ-കൊമേഴ്‌സ് കമ്പനിയിലേക്ക് പാഴ്‌സലായി അയച്ചത്. സ്മാര്‍ട്ട്‌ഫോണുകള്‍ അടങ്ങിയ ലഗേജ് ബസില്‍ സൂക്ഷിച്ചിരുന്നു. അപകടം നടന്നതിന് പിന്നാലെ ഫോണുകള്‍ക്ക് തീപിടിച്ച് ബാറ്ററികള്‍ പൊട്ടിത്തേറിക്കുന്നതിന്റെ ശബ്ദം കേട്ടതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

സ്മാര്‍ട്ട്‌ഫോണുകളിലെ ബാറ്ററികള്‍ പൊട്ടിത്തെറിച്ചതിന് പുറമേ ബസിലെ എയര്‍ കണ്ടീഷനിങ് സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക്കല്‍ ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയര്‍ സര്‍വീസ് വിഭാഗം ഡയറക്ടര്‍ ജനറല്‍ പി വെങ്കട്ടരാമന്‍ പറഞ്ഞു. ഇതും അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ചൂട് കൂടുതലായിരുന്നതിനാല്‍ ബസിന്റെ തറയിലുണ്ടായിരുന്ന അലുമിനിയം ഷീറ്റുകള്‍ ഉരുകിപ്പോയതായും പി വെങ്കിട്ടരാമന്‍ പറഞ്ഞു. ഇന്ധന ചോര്‍ച്ച മൂലമാണ് മുന്‍വശത്ത് തീ പടര്‍ന്നുപിടിച്ചതെന്നാണ് കരുതുന്നതെന്നും വെങ്കട്ടരാമന്‍ പറഞ്ഞു. ഉരുകിയ അലുമിനിയം ഷീറ്റുകള്‍ക്കിടയില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടിരുന്നുവെന്നും വെട്ടങ്കരാമന്‍ വ്യക്തമാക്കി.

ഇന്നലെയായിരുന്നു കുര്‍ണൂലില്‍ അതിദാരുണമായ അപകടമുണ്ടായത്. ബൈക്കുമായി കൂട്ടിയിടിച്ച് ബസില്‍ തീപടരുകയായിരുന്നു. ബസിലേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ നിന്ന് തീപടരുകയും ബസിലേക്ക് പടര്‍ന്നുപിടിക്കുകയുമായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആള്‍ മദ്യപിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അപകടത്തിന് തൊട്ടുമുന്‍പ് ഇയാള്‍ അലക്ഷ്യമായി ബൈക്ക് ഓടിക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അപകടത്തിന് മുന്‍പ് ഇയാളും മറ്റൊരാളും ബൈക്കില്‍ ഒരു പെട്രോള്‍ പമ്പില്‍ എത്തുന്നതാണ് വീഡിയോയില്‍. അല്‍പസമയം യുവാക്കള്‍ പെട്രോള്‍ പമ്പില്‍ ചെലവഴിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിന് ശേഷം യുവാവ് ബൈക്കുമായി പെട്രോള്‍ പമ്പില്‍ നിന്ന് മുന്നോട്ടുപോകുകയാണ്. ഇതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് വീഴാന്‍ പോകുന്നുണ്ട്. ഇതിന് പിന്നാലെയാണ് ബസിലേയ്ക്ക് ബൈക്ക് ഇടിച്ചുകയറി വന്‍ ദുരന്തമുണ്ടായത്.