വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തി യുഎസ്. യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സത്യസന്ധത പുലര്‍ത്തിയില്ല എന്നാരോപിച്ചാണ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. രണ്ട് കമ്പനികള്‍ക്കാണ് പ്രസിഡന്റ് ഉപരോധമേര്‍പ്പെടുത്തിയതെന്ന് യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു. ബുഡാപെസ്റ്റില്‍ നടക്കാനിരുന്ന ട്രംപ്-പുടിന്‍ ഉച്ചകോടി മാറ്റിവെച്ചതിന് പിന്നാലെയാണ് ഉപരോധം. റോസ്‌നെഫ്റ്റ്, ലുക്കോയില്‍ എന്നീ കമ്പനികളാണ് നടപടി നേരിട്ടത്.

യുക്രെയ്ന്‍-റഷ്യ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് യുഎസ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ വിസമ്മതിച്ച സാഹചര്യത്തില്‍, അതിന് ധനസഹായം നല്‍കുന്ന റഷ്യയുടെ രണ്ട് വലിയ എണ്ണ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുന്നുവെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു.

റഷ്യന്‍ ഫെഡറേഷനെതിരെ യുഎസ് ഏര്‍പ്പെടുത്തുന്ന ഏറ്റവും വലിയ ഉപരോധങ്ങളില്‍ ഒന്നാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു. ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ പുടിന്‍ സത്യസന്ധമായും ആത്മാര്‍ത്ഥതയോടും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ലെന്ന് ബെസെന്റ് ഫോക്‌സ് ബിസിനസിനോട് പ്രതികരിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ ട്രംപും പുടിനും അലാസ്‌കയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നില്ലെന്ന് മനസിലാക്കിയപ്പോള്‍ ട്രംപ് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുന്നു. എന്നാല്‍ ആ ചര്‍ച്ചകളില്‍ നമ്മള്‍ എവിടെയാണെന്ന കാര്യത്തില്‍ ട്രംപ് നിരാശനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി യൂറോപ്യന്‍ യൂണിയനും അറിയിച്ചു. 2027 ഓടെ റഷ്യയില്‍ നിന്ന് ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കുക, മോസ്‌കോ ഉപയോഗിക്കുന്ന എണ്ണ ടാങ്കറുകളെ കരിമ്പട്ടികയില്‍ ചേര്‍ക്കുക, റഷ്യന്‍ നയതന്ത്രജ്ഞര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നു.