പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു സഞ്ചരിച്ച ഹെലികോപ്ടറിന്റെ ചക്രങ്ങള്‍ പ്രമാടത്തെ ഹെലിപാഡില്‍ കുടുങ്ങി. ഉടന്‍ തന്നെ പൊലീസും, ഫയര്‍ ഫോഴ്‌സുമെത്തി ഹെലികോപ്ടര്‍ തള്ളിനീക്കി. ഹെലികോപ്ടറിന്റെ വീല്‍ കോണ്‍ക്രീറ്റില്‍ കുടുങ്ങിയെങ്കിലും രാഷ്ട്രപതിയുടെ യാത്രയ്ക്ക് മറ്റ് തടസങ്ങളുണ്ടായില്ല. എങ്കിലും സംഭവം സുരക്ഷാവീഴ്ചയാണെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഹെലികോപ്ടര്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് ശേഷമാണ് വീലുകള്‍ കോണ്‍ക്രീറ്റില്‍ കുടുങ്ങിയത്.
രാഷ്ട്രപതി സഞ്ചരിക്കുന്ന ഹെലികോപ്ടര്‍ നിലയ്ക്കലില്‍ ഇറക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ പ്രതികൂല കാലാവസ്ഥ മൂലം പ്രമാടത്തെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് ലാന്‍ഡിങ് മാറ്റി ക്രമീകരിക്കുകയായിരുന്നു. പ്രമാടത്ത് ഇന്നലെയാണ് കോണ്‍ക്രീറ്റ് ഇട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ക്രീറ്റ് ഉറയ്ക്കുന്നതിന് മുമ്പ് ലാന്‍ഡിങ് നടത്തിയതാണ് വീലുകള്‍ കുടുങ്ങാന്‍ കാരണമെന്ന് കരുതുന്നു.
രാവിലെ ഒമ്പത് മണിയോടെ പ്രമാടത്തെത്തിയ രാഷ്ട്രപതി പമ്പയിലേക്ക് തിരിച്ചു. പമ്പയില്‍ ഇരുമുടിക്കെട്ട് നിറയ്ക്കും. തുടര്‍ന്ന് ദേവസ്വത്തിന്റെ ഗൂര്‍ഖാ വാഹനത്തില്‍ സന്നിധാനത്തേക്ക് പോകും.രാജ്ഭവനില്‍ നിന്ന് രാവിലെ 7.3-ഓടെയാണ് രാഷ്ട്രപതി ശബരിമല ദര്‍ശനത്തിന് തിരിച്ചത്. പ്രമാടത്തുനിന്ന് റോഡുമാര്‍ഗമാണ് പമ്പയിലേക്ക് പോയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കുമെന്നാണ് വിവരം.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതി തിരിച്ചുപോകുന്നതുവരെ മറ്റ് തീര്‍ത്ഥാടകരെ നിലയ്ക്കലിനപ്പുറം പ്രവേശിപ്പിക്കില്ല. പന്ത്രണ്ട് മണിയോടെ രാഷ്ട്രപതി സന്നിധാനത്തെത്തും. ദര്‍ശനത്തിന് ശേഷം സന്നിധാനത്തെ ഓഫീസ് കോംപ്ലക്‌സില്‍ പ്രത്യേകം ഒരുക്കിയ മുറിയില്‍ രണ്ട് മണിക്കൂര്‍ രാഷ്ട്രപതി വിമര്‍ശിക്കും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ രാഷ്ട്രപതി സന്നിധാനത്തുനിന്ന് യാത്ര തിരിക്കും.
