ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ നിന്നായി വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മലയോരമേഖലകളിൽ പലയിടത്തും മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലിലും ദുരിതം ഒഴിയാതെ നിൽക്കുകയാണ്. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ജലനിരപ്പ് വീണ്ടും ഉയർന്നു.
നിലവിൽ ഡാമിലെ ജലനിരപ്പ് 139.30 അടിയാണ്. 140 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുണ്ടെങ്കിലും ഇതൊഴിവാക്കാൻ സ്പിൽവെ വഴി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, വൃഷ്ടി പ്രദേശങ്ങളിലടക്കം കനത്ത മഴ തുടരുന്നത് കൂടുതൽ വെല്ലുവിളിയാണ്. നിലവിൽ 9120 ഘനയടി വെള്ളമാണ് സ്പിൽവെ വഴി പുറത്തേക്ക് ഒഴുക്കിവിടുന്നത്.
ഇതിനിടെ, അധികജലം ഒഴുക്കി വിടുന്നതിനായി ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുഴുവൻ സ്പിൽവെ ഷട്ടറുകളും ഉയർത്തുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് വിഭാഗം അടിയന്തര മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്. 13 ഷട്ടറുകളും ഒന്നര മീറ്റർ ഉയർത്തിയായിരിക്കും വെള്ളം പുറത്തേക്ക് ഒഴുക്കിവിടുക. അങ്ങനെയെങ്കിൽ സെക്കൻഡിൽ 10000 ഘനയടി വെള്ളം ഒഴുക്കാനാണ് ലക്ഷ്യമിടുന്നത്.
