എന്ത് കാര്യത്തിലാണ് കുട്ടി സ്‌കൂള്‍ വിട്ടുപോകുന്നത് എന്ന കാര്യം പരിശോധിക്കണമെന്നും അതിന് കാരണക്കാരായവര്‍ സര്‍ക്കാരിനോട് മറുപടി പറയേണ്ടി വരുമെന്നും വി ശിവന്‍കുട്ടി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥിക്ക് ആ സ്‌കൂളില്‍ പഠിക്കാനുള്ള അവകാശമുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്ത് കാര്യത്തിലാണ് കുട്ടി സ്‌കൂള്‍ വിട്ടുപോകുന്നത് എന്ന കാര്യം പരിശോധിക്കണമെന്നും അതിന് കാരണക്കാരായവര്‍ സര്‍ക്കാരിനോട് മറുപടി പറയേണ്ടി വരുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

‘കുട്ടിക്ക് മാനസിക സംഘര്‍ഷത്തിന്റെ പേരില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഉത്തരവാദി സ്‌കൂള്‍ മാനേജ്‌മെന്റ് ആയിരിക്കും. നമുക്ക് ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളും ദേശീയ വിദ്യാഭ്യാസ നിയമങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിദ്യാഭ്യാസം ചെയ്യാന്‍ പറ്റുള്ളു. കഴിഞ്ഞ ഒരാഴ്ചയായി ആ കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷം എത്രത്തോളമാണ്. ഒരു കൊച്ചു മോളോട് അങ്ങനെ പെരുമാറാന്‍ പാടുണ്ടോ. ചെറിയ തോതില്‍ തന്നെ അവിടെ ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ട പ്രശ്‌നമാണ് വഷളാക്കുന്നത്’, വി ശിവന്‍കുട്ടി പറഞ്ഞു.