പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം പള്ളുരുത്തി സെൻറ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം തുടരുന്നു. ഹിജാബ് ഇല്ലാതെ വരാമെന്ന സമ്മതപത്രം നൽകിയാൽ കുട്ടിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സ്കൂൾ മാനേജ്മെൻറ. എന്നാൽ ഇത്തരമൊരു സമ്മതപത്രം നൽകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദ്യാർത്ഥിനിയുടെ പിതാവ് അനസ് പറയുന്നത്.
നേരത്തെ നടന്ന സമവായ ചർച്ചയിൽ സ്കൂളിൻറെ നിബന്ധനകൾ അംഗീകരിക്കാമെന്ന് പിതാവ് സമ്മതിച്ചിരുന്നു. എന്നാൽ വിദ്യാഭ്യാസമന്ത്രി ഇന്നലെ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നിലപാടിൽ മാറ്റം വന്നത്. കുട്ടി ഇന്നും സ്കൂളിലെത്തില്ലെന്നാണ് രക്ഷിതാവ് അറിയിച്ചിരിക്കുന്നത്. പനിയെത്തുടർന്നാണ് സ്കൂളിൽ വരാത്തതെന്നാണ് വിവരം. ഹൈക്കോടതി നിർദേശ പ്രകാരം സ്കൂളിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇത് ഇന്നും തുടരും.
സമവായമുണ്ടെങ്കിൽ അത് അവിടെ തീരട്ടെ, മാനേജ്മെൻറിനോട് വിശദീകരണം ചോദിക്കും. പഠനം നിഷേധിക്കാൻ ആർക്കും അവകാശമില്ല. കുട്ടിയുടെ രക്ഷിതാവിന് പ്രശ്നമില്ല. ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ലെന്നുമാണ് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്. അതേ സമയം ഹിജാബ് വിവാദത്തിൽ മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
വിദ്യാഭ്യാസ മന്ത്രിയുടേത് വിവേക രഹിതമായ പ്രസ്താവനകളാണെന്നും വിവേകത്തോടെ നിലപാടുകൾ സ്വീകരിക്കണമെന്നും ഫാ. ഫിലിപ്പ് കവിയിൽ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സ്ഥാപനങ്ങളിൽ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കരുത്. അതിന് ശ്രമിച്ചാൽ നോക്കിയിരിക്കില്ലെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നുമായിരുന്നു കത്തോലിക്ക കോൺഗ്രസിൻ്റെ മുന്നറിയിപ്പ്.
