നദ്‌വി 55,000 രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്നും പ്രതിമാസം 30,000 രൂപ ഭാര്യയ്ക്ക് ജീവനാംശം നല്‍കണമന്നും കോടതി വിധിച്ചു

പ്രയാഗ്‌രാജ്: നാലാം ഭാര്യയ്ക്ക് പ്രതിമാസം മുപ്പതിനായിരം രൂപ ജീവനാംശം നല്‍കണമെന്ന് സമാജ് വാദി പാര്‍ട്ടി എംപിയോട് കോടതി. സമാജ് വാദി പാർട്ടി എംപി മൊഹിബ്ബുളള നദ്‌വിയോടാണ് അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കപരിഹാരത്തിന് വിഷയം ഹൈക്കോടതിയുടെ മീഡിയേഷന്‍ സെന്ററിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. ജസ്റ്റിസ് സുഭാഷ് ചന്ദ്ര ശര്‍മയുടേതാണ് ഉത്തരവ്.

വിവാഹമോചനം ഒത്തുതീര്‍പ്പിലെത്താന്‍ മൂന്നുമാസത്തെ സമയമാണ് കോടതി അനുവദിച്ചത്. നദ്‌വി 55,000 രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്നും പ്രതിമാസം 30,000 രൂപ ഭാര്യയ്ക്ക് ജീവനാംശം നല്‍കണമന്നും കോടതി വിധിച്ചു. ആഗ്രയിലെ കുടുംബ കോടതിയിലെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ജഡ്ജി പുറപ്പെടുവിച്ച 2024 ഏപ്രില്‍ 1-ലെ ഉത്തരവിനെതിരെയാണ് നദ്‌വി ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്.

വിഷയം വിവാഹ തര്‍ക്കമാണെന്നും അത് രമ്യമായി പരിഹരിക്കാനാണ് നദ്‌വി ആഗ്രഹിക്കുന്നതെന്നുമാണ് കേസില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞത്. ഹർജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാനുളള അവസരമുണ്ടെന്നും ആ സാധ്യത പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ജീവനാംശം നൽകുന്നത് പരാജയപ്പെട്ടാൽ ഇടക്കാല ഉത്തരവ് സ്വമേധയാ അവസാനിക്കുമെന്നും കോടതി വ്യക്തമാക്കി.