ന്യൂഡൽഹി: അടുത്ത 18 മാസത്തിനുള്ളിൽ ഇന്ത്യ അടുത്ത തലമുറയിലെ വന്ദേ ഭാരത് ട്രെയിനുകൾ വികസിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പതിനാറാമത് ഇന്റർനാഷണൽ റെയിൽവേ എക്യുപ്‌മെന്റ് എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2047 ഓടെ 350 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിനുകൾ ഓടുന്ന 7,000 കിലോമീറ്റർ ഡെഡിക്കേറ്റഡ് പാസഞ്ചർ ഇടനാഴികൾ (Dedicated Passenger Corridors) വികസിപ്പിക്കാനും ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്. നിലവിൽ, 100 ​​കിലോമീറ്റർ വേഗതയിലേക്ക് 52 സെക്കൻഡിനുള്ളിൽ എത്താൻ ശേഷിയുള്ള വന്ദേ ഭാരത് 3.0 ആണ് ഇന്ത്യയിലുള്ളത്.

പുതിയ വന്ദേഭാരതിന്റെ സവിശേഷതകൾ

പുതിയ വന്ദേഭാരതിൽ ടോയ്‌ലെറ്റുകൾ മെച്ചപ്പെടുത്തുന്നതിനും സീറ്റുകൾ പരിഷ്‌കരിക്കുന്നതിനും കോച്ചുകളുടെ മൊത്തത്തിലുള്ള പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വന്ദേ ഭാരത് 4.0 ഒരു ആഗോള നിലവാരത്തിൽ രൂപകൽപന ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പാസഞ്ചർ ഇടനാഴികൾ കൂടി സ്ഥാപിച്ചാൽ 350 കിലോമീറ്റർ വേ​ഗത്തിൽ ഓടാനും പുതിയ വന്ദേഭാരതിനാകും എന്നാണ് പ്രതീക്ഷ.