ചൂഷണം ചെയ്ത ആളുടെ വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാത്തത് അന്വേഷണത്തിന്റെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി കെഎസ്‌യു. പൊലീസ് അന്വേഷണം തൃപ്തികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയത്. യുവാവ് ജീവനൊടുക്കിയത് അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണെന്ന് കെഎസ്‌യു നല്‍കിയ പരാതിയില്‍ പറയുന്നു. ആര്‍എസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് യുവാവ് ജീവനൊടുക്കിയത്. വിഷയത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കാത്തത് ആശങ്കാജനകമാണെന്നും പരാതിയില്‍ പറയുന്നു.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് പരാതി നല്‍കിയത്. ആര്‍എസ്എസ്-സിപിഐഎം ഡീലിന്റെ ഭാഗമായാണ് കുറ്റക്കാര്‍ക്ക് ആഭ്യന്തര വകുപ്പ് നിയമവിരുദ്ധ സംരക്ഷണം ഒരുക്കുന്നതെന്ന് അലോഷ്യസ് സേവ്യര്‍ ആരോപിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ചൂഷണം ചെയ്ത ആളുടെ വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാത്തത് അന്വേഷണത്തിന്റെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കേസില്‍ പ്രതി ചേര്‍ക്കണം. അല്ലാത്തപക്ഷം ഉന്നത അന്വേഷണ ഏജന്‍സികള്‍ക്ക് കേസ് കൈമാറാന്‍ ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കണമെന്നും കെഎസ്‌യു സംസ്ഥന പ്രസിഡന്റ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. ആര്‍എസ്എസ് നേതാക്കളെ പ്രതിചേര്‍ത്ത് സുതാര്യമായ അന്വേഷണം അനിവാര്യമാണ്. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
