ധാക്ക: ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിലെ ഫാക്ടറികളിൽ വൻ തീപിടിത്തം. കെമിക്കൽ ഫാക്ടറിയിലും ടെക്സ്റ്റൈൽ ഫാക്ടറിയിലും ഉണ്ടായ ദുരന്തത്തിൽ 16 പേർ കൊല്ലപ്പെട്ടതായാണ് വിവരം. കെമിക്കൽ ഫാക്‌ടറിയുടെ ഗോഡൗണിൽ നിന്നാണ് ആദ്യം തീയുർന്നത്. പിന്നീടിത് ടെക്സ്റ്റൈൽ ഫാക്ടറിയിലേക്ക് വ്യാപിച്ചതോടെ ദുരന്തത്തിൻ്റെ വ്യാപ്തി ഇരട്ടിയാക്കി. ടെക്സ്റ്റൈൽ ഫാക്ടറിയിൽ ഉണ്ടായിരുന്നവരാണ് തീപിടിത്തത്തിൽ മരിച്ചതെന്ന് നിലവിൽ പുറത്തുവരുന്ന വിവരം.
അപകടത്തിൽ നിരവധി പേരെ കാണാതായതായും ധാക്ക ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ താജുൽ ഇസ്ലാം ചൗധരി പറഞ്ഞു. കെമിക്കൽ ഫാക്ടറിയിലെ ജീവനക്കാരും കൊല്ലപ്പെട്ടിട്ട് ഉണ്ടാകാമെന്നാണ് സംശയിക്കുന്നത്. അഗ്നിരക്ഷാസേനാംഗങ്ങളെത്തി രക്ഷാപ്രവർത്തനം നടക്കുകയാണ്. തിപിടിക്കുന്നതിന് തൊട്ടുമുൻപ് ഇവിടെ വലിയ സ്ഫോടന ശബ്ദം കേട്ടതായും വിവരമുണ്ട്.
അതേസമയം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ബംഗ്ലാദേശിൽ ഇത്തരം അപകടങ്ങൾ പതിവാണ്. കഴിഞ്ഞ വർഷം മാത്രം 26,500-ലധികം തീപിടുത്തങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2021-ൽ ഒരു ഭക്ഷ്യ സംസ്കരണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി കുട്ടികൾ ഉൾപ്പെടെ 52 പേരുടെ ജീവനാണ് നഷ്ടമായത്.
2012 ൽ ധാക്കയുടെ പ്രാന്തപ്രദേശത്തുള്ള ടെക്സ്റ്റൈൽ ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ 111 പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് 200 ലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ബംഗ്ലാദേശ് കണ്ട ഏറ്റവും വലിയ തീപിടുത്ത ദുരന്തമായാണ് ഇതിനെ കണക്കാക്കുന്നത്.
