ഹിജാബ് വിവാദത്തിൽ വർഗീയ വികാരം ആളിക്കത്തിക്കാൻ മന്ത്രി ശ്രമിച്ചുവെന്ന് വി മുരളീധരൻ

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളയിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുക്കാത്തത് സംശയാസ്പദമെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ വി മുരളീധരൻ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിനും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തെളിവുകൾ നശിപ്പിക്കാനുള്ള സമയം നൽകുകയാണ്. നിലവിലെ ദേവസ്വം ബോർഡിനും തട്ടിപ്പിൽ പങ്കുണ്ട്. പരിശുദ്ധരാണെന്ന് നിലവിലെ ദേവസ്വം ബോർഡ് പറഞ്ഞാൽ അത് അംഗീകരിക്കില്ലെന്നും ശബരിമല വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് വിശ്വാസികളുടെ ആവശ്യമെന്നും വി മുരളീധരൻ പറഞ്ഞു.

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായെന്ന വിവാദത്തിലും വി മുരളീധരൻ പ്രതികരിച്ചു. ദേവസ്വം മന്ത്രിക്ക് ആചാരങ്ങളെ കുറിച്ച് പ്രാഥമിക വിവരം പോലുമില്ല. ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്ന സംവിധാനമാണ് ദേവസ്വം ബോർഡ്. ബോർഡ് പിരിച്ചുവിടണം. അവിശ്വാസികൾ ദേവസ്വം കൈകാര്യം ചെയ്യുന്നതാണ് പ്രശ്‌നം. മിനിമം വിശ്വാസം ഉള്ളവരെ ദേവസ്വം കൈകാര്യം ചെയ്യാൻ ഏൽപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ വർഗീയ വികാരം ആളിക്കത്തിക്കാൻ വിദ്യാഭ്യാസ മന്ത്രി ശ്രമിച്ചുവെന്ന് വി മുരളീധരൻ ആരോപിച്ചു. മന്ത്രിയുടെ ഇടപെടലിന് പിന്നിൽ രാഷ്ട്രീയ താല്പര്യമാണ്. ഒരു മതവിഭാഗത്തിനായി നിലകൊള്ളുന്നുവെന്ന് തെളിയിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയതെന്നും വി മുരളീധരൻ പറഞ്ഞു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികമാണ്, അതിൽ രാഷ്ട്രീയമില്ല. സിപിഐഎം- ബിജെപി ഡീൽ എന്നത് ആരോപണം മാത്രമാണ്. തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ ബിജെപി സഹായിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ബിജെപിക്ക് കൂടുതൽ വോട്ട് കിട്ടുന്നത് സിപിഐഎമ്മിൽ നിന്നാണ്, പിന്നെ എങ്ങനെ ബിജെപിയെ സഹായിക്കും. സിപിഐഎമ്മിനെ ക്ഷയിപ്പിച്ചുകൊണ്ടാണ് കേരളത്തിൽ ബിജെപി വളരുന്നത്. ഹിന്ദു വിഭാഗത്തിന്റെ വോട്ട് കൊണ്ടാണ് സിപിഐഎം ജയിക്കുന്നത്. ആ വോട്ട് ബിജെപിയിലേക്ക് വരുന്നുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.