ഗാസ സിറ്റി: ഈജിപ്തില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മറ്റ് നിരവധി ലോക നേതാക്കളും ഗാസ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചു. ജീവിച്ചിരിക്കുന്ന 20 ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറിയതിന് ശേഷമാണ് കരാറില്‍ ഒപ്പുവെച്ചത്. മരിച്ച ബന്ദികളുടെ അവശിഷ്ടങ്ങള്‍ അടങ്ങിയ നാല് പെട്ടികളും ഹമാസ് കൈമാറിയതായി ഇസ്രായേല്‍ അറിയിച്ചു.

ഏകദേശം 2,000 പലസ്തീന്‍ തടവുകാരെ ഇസ്രായേലും വിട്ടയച്ചു. മോചിതരായ ബന്ദികളെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചപ്പോള്‍ വൈകാരിക രംഗങ്ങളാണ് ഉണ്ടായത്. ഇസ്രായേലി ബന്ദികളെ ആശുപത്രിയില്‍ വെച്ചാണ് കുടുംബങ്ങള്‍ സ്വീകരിച്ചത്. പലസ്തീനികള്‍ ഗാസയിലെ വലിയ ജനക്കൂട്ടത്തിലേക്ക് ബസുകളില്‍ വന്നിറങ്ങി.

ഈജിപ്തില്‍ നടന്ന ഉച്ചകോടിയില്‍ നിരവധി ലോകനേതാക്കളെ നോക്കി യുദ്ധം അവസാനിച്ചുവെന്ന് ട്രംപ് പറഞ്ഞു. മധ്യപൗരസ്ത്യ ദേശത്തിന് മഹത്തായ ദിനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസ കരാറിന് ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യത്തെ നേതാക്കളുടെ സഹകരണവും ഉണ്ടായിരുന്നു. ഇവരും കരാറില്‍ ഒപ്പുവെച്ചു.

യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലേക്ക് ടെന്റുകള്‍, ഭക്ഷണം, മരുന്ന് എന്നിവയുള്‍പ്പെടെ കൂടുതല്‍ ജീവന്‍ രക്ഷാ സഹായങ്ങള്‍ എത്തിച്ചുക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇപ്പോള്‍ ഇസ്രായേലും ഹമാസും അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും പിന്തുണയോടെ പ്രതിസന്ധികളെ സമാധാനത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കണം. അത് പലസ്തീനികളുടെയും ഇസ്രായേലികളുടെയും അന്തസും സുരക്ഷയും ഉറപ്പാക്കുന്നുവെന്നും ട്രംപ് പ്രസ്താവനയിലൂടെ അറിയിച്ചു.

എന്നാല്‍ തിരിച്ചെത്തിയ പലസ്തീനികള്‍ക്ക് താമസിക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. അതിക്രൂരമായ ആക്രമണമാണ് കഴിഞ്ഞ നാളുകളില്‍ ഇസ്രായേല്‍ ഗാസയില്‍ നടത്തിയത്. പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെവിട്ടില്ല. ഭക്ഷണമോ പാര്‍പ്പിടമോ ഇല്ലാതെയുള്ള പലസ്തീനികളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുകയാണ്. ലോകത്തിനെ പല ഭാഗത്തുനിന്ന് എത്തുന്ന സഹായമാണ് നിലവില്‍ ഏക ആശ്രയം.