ലഖ്‌നൗ: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ബൈക്കില്‍ നിന്നുവീണ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. 19 വയസുകാരനായ തുഷാര്‍ ആണ് മരിച്ചത്. ട്രാക്കില്‍ വീണ ബൈക്കെടുത്ത് യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

അടച്ചിട്ട റെയില്‍വേ ഗേറ്റ് മറികടന്ന് ട്രെയിന്‍ വരുന്നതിന് മുമ്പ് പോകാനുള്ള ശ്രമത്തിലായിരുന്നു തുഷാര്‍. എന്നാല്‍ ബൈക്ക് ട്രാക്കില്‍ തെന്നിവീണു. വാഹനം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിന്‍ തൊട്ടെടുത്ത് എത്തിയ കാര്യം തുഷാര്‍ അറിഞ്ഞത്. ഇതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ട്രെയിന്‍ യുവാവിനെ ഇടിച്ച് തെറിപ്പിച്ചു.

തുഷാറിന്റെ വിവാഹ നിശ്ചയം അടുത്ത മാസം നടക്കാനിരിക്കെയാണ് മരണം സംഭവിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ വീട്ടില്‍ പുരോഗമിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധു ഭാസ്‌കര്‍ പറഞ്ഞതായി ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവാവിനെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചതായി തങ്ങള്‍ക്ക് വിവരം ലഭിച്ചു. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ദാദ്രി ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ സുശീല്‍ വര്‍മ്മ പറഞ്ഞു.