ക്രിക്കറ്റ് മത്സരത്തിനിടെ അത്ഭുതകരമായി പരിക്കില്‍ നിന്ന് രക്ഷപ്പെട്ട് വെസ്റ്റ് ഇന്‍ഡീസ് താരം റഖീം കോണ്‍വാള്‍. ഡാളസിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന നാഷണല്‍ ക്രിക്കറ്റ് ടി10 ലീഗിലാണ് സംഭവം. ഹെല്‍മറ്റാണ് താരത്തെ രക്ഷിച്ചത്. അറ്റ്‌ലാന്റ കിങ്‌സും, ലോസാഞ്ചലസ് വേവ്‌സും തമ്മില്‍ നടന്ന എലിമിനേറ്റര്‍ പോരാട്ടത്തിനിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വേവ്സ് ബൗളർ റമ്മൻ റയീസ് എറിഞ്ഞ ബൗണ്‍സറാണ് എല്ലാത്തിന്റെയും തുടക്കം.

കോണ്‍വാളിന് പന്ത് കണക്ട് ചെയ്യാന്‍ സാധിച്ചില്ല. പിന്നാലെ പന്ത് ഹെല്‍മറ്റിന്റെ ഗ്രില്ലുകള്‍ക്കിടയില്‍ കുടുങ്ങി. കണ്ണുകള്‍ക്ക് തൊട്ടടുത്താണ് പന്ത് കുരുങ്ങിയത്. താരത്തിന്റെ ഭാഗ്യത്തിന് പരിക്കേറ്റില്ല. സഹതാരങ്ങള്‍ ഉടന്‍ തന്നെ കോണ്‍വാളിന്റെ സമീപത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് അല്‍പനേരത്തേക്ക് മത്സരം തടസപ്പെട്ടു

കോണ്‍വാളിന് ഗുരുതരമായി പരിക്കേറ്റെന്നായിരുന്നു സഹതാരങ്ങളുടെ അടക്കം ചിന്ത. എന്നാല്‍ പരിക്കേറ്റില്ലെന്ന് അറിഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസമായി. ചിരിയോടെയാണ് കോണ്‍വാള്‍ ഹെല്‍മറ്റില്‍ നിന്ന് പന്ത് പുറത്തേക്ക് ഇട്ടത്. 14 പന്തില്‍ 17 റണ്‍സെടുത്ത താരം റിട്ടയേര്‍ഡ് ഔട്ടായി മടങ്ങി.

എന്തായാലും, കോണ്‍വാളിന്റെ ടീമായ അറ്റ്‌ലാന്റ മത്സരത്തില്‍ തോറ്റു. 10 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുക്കാനെ അറ്റ്‌ലാന്റയ്ക്ക് സാധിച്ചുള്ളൂ. ഏഴോവറില്‍ ലോസ് ആഞ്ചല്‍സ് വിജയലക്ഷ്യം മറികടന്നു. ഇതോടെ ലോസ് ആഞ്ചല്‍സ് അടുത്ത റൗണ്ടിലേക്ക് മുന്നേറി. അറ്റ്‌ലാന്റ പരാജയപ്പെട്ടെങ്കിലും വന്‍ അപകടത്തില്‍ നിന്ന് കോണ്‍വാള്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് സഹതാരങ്ങളും ആരാധകരും. ഹെല്‍മറ്റിന്റെ പ്രാധാന്യം വിളിച്ചുപറയുന്നതായിരുന്നു ഈ സംഭവം.