ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചത്.

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പാര്‍ട്ടി അംഗത്വം നല്‍കി.

2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണന്‍. കോട്ടയം കൂരോപ്പട സ്വദേശിയാണ്. രാജിവെച്ചതിന് ശേഷം രാജ്യത്ത് നടന്ന സിഐഎ വിരുദ്ധ പ്രക്ഷോഭങ്ങളിലും മറ്റ് ജനകീയ സമരങ്ങളിലും കണ്ണന്‍ സജീവമായിരുന്നു.

കണ്ണന്‍ ഗോപിനാഥ് രാജിവെച്ച് ഒരു മാസത്തിന് ശേഷം മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായ ശശികാന്ത് സെന്തിലും സര്‍വീസില്‍ നിന്ന് രാജിവെച്ചിരുന്നു. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് ശശികാന്ത് സെന്തില്‍ രാജിവെച്ചത്. പിന്നീട് ശശികാന്ത് സെന്തിലും ജനകീയ സമരങ്ങളുടെ ഭാഗമായിരുന്നു.

പിന്നീട് ശശികാന്ത് സെന്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ശശികാന്ത് സെന്തിലിന്റെ അതേ വഴിയിലാണ് കണ്ണന്‍ ഗോപിനാഥനും കോണ്‍ഗ്രസിലെത്തുന്നത്.