തായ്‌ലൻഡിലെ ഡൂറിയൻ കോടീശ്വരനായ അർനോൺ റോഡോങ്, മകന്റെ കാമുകിയെ മർദ്ദിക്കുന്നവർക്ക് പ്രതിഫലം വാഗ്ദാനം

തായ്‌ലാൻഡ്: തായ്‌ലൻഡിലെ ചുംഫോൺ പ്രവിശ്യയിലെ ഏറ്റവും വലിയ ഡൂറിയൻ തോട്ടങ്ങളുടെയും വെയർഹൗസുകളുടെയും ഉടമയായ അർനോൺ റോഡോങ്, തന്‍റെ മകന്‍റെ ഭാര്യയ്ക്ക് നീതി തേടി വിചിത്രമായ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. വിവാഹിതനായ മകന്‍റെ കാമുകിയെ തല്ലുന്നവർക്ക് 30,000 ബാത്ത് (ഏകദേശം ₹ 81,000) ആണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. യുവതിയുമായി പ്രണയത്തിലായതോടെ മകന്‍ തന്‍റെ ഭാര്യയെയും മകളെയും ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു.

“ലാങ് സുവാൻ ജില്ലയിലെ ആർക്കും, എന്‍റെ മകന്‍റെ ‘യജമാനത്തി’യെ തല്ലുന്നവർക്ക് ഞാൻ 30,000 ബാറ്റ് നൽകും. നിങ്ങൾ അവളെ കുറഞ്ഞത് 10 തവണയെങ്കിലും അടിക്കണം. ജോലി കഴിഞ്ഞാൽ, പണം വാങ്ങാൻ എന്‍റെ അടുത്തേക്ക് വരൂ. അവളെ തല്ലിയതിന് പോലീസിന് പിഴ നൽകാനും ഞാൻ തയ്യാറാണ്. ചായ് അവളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതുവരെ പ്രതിഫലം സാധുവാണ്. എന്‍റെ നിരപരാധിയായ മരുമകളെ സംരക്ഷിക്കാനും, അവൾക്ക് നീതി തേടാനും, എന്‍റെ മകനോട് ഈ ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടാനുമാണ് ഞാൻ ഈ കുറിപ്പ് ഇട്ടത്,” 65-കാരനായ അർനോൺ റോഡോങ് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ എഴുതി. അർനോണിന്‍റെ മകൻ ചായ് വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ അച്ഛനുമാണ്. അർനോണിന്‍റെ മറ്റൊരു ബന്ധുവുമായി പ്രണയത്തിലായിരുന്ന ഓണ്‍ പിന്നീട് ചായ്യുമായി പ്രണയത്തിലായി. ഈ പ്രണയത്തോടെ ചായ് തന്‍റെ ഭാര്യയെയും മകളെയും ഉപേക്ഷിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.