കൊല്ലം: ശിവകൃഷ്ണന്‍ അമ്മയെ സ്ഥിരം മര്‍ദിച്ചിരുന്നുവെന്ന് കൊല്ലത്ത് കിണറ്റില്‍ ചാടുകയും പിന്നീട് മരിക്കുകയും ചെയ്ത അര്‍ച്ചനയുടെ മകള്‍. ഇന്നലെ അമ്മയും ശിവകൃഷ്ണനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അമ്മയെ അയാള്‍ മര്‍ദിച്ചിരുന്നതായും മകള്‍ പറഞ്ഞു.

മര്‍ദനം സഹിക്കവയ്യാതെയാണ് അമ്മ കിണറ്റില്‍ ചാടിയതെന്നും അര്‍ച്ചനയുടെ പതിനാലുകാരിയായ മകള്‍ പറഞ്ഞു. ശിവകൃഷ്ണന്‍ സ്ഥിരം മദ്യപാനിയാണ്. ഇന്നലെ രാവിലെ മുതല്‍ ഇയാള്‍ മദ്യപിച്ചിരുന്നു. ഇതോടെ അമ്മ മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ചു. ഇതിന്റെ ദേഷ്യത്തിലാണ് അമ്മയെ ശിവകൃഷ്ണന്‍ മര്‍ദിച്ചതെന്നും മകള്‍ പറഞ്ഞു.

സമീപവാസികൾ സംഭവം കണ്ടു ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ സോണി രക്ഷാപ്രവർത്തനത്തിനായി കിണറ്റിൽ ഇറങ്ങി അര്‍ച്ചനയെത്തി. ആ സമയത്ത് ശിവകൃഷ്ണൻ കിണറിന്റെ വക്കിൽ നിന്നുകൊണ്ട് മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല. അര്‍ച്ചനയെ കയറുപയോഗിച്ച് മുകളിലേക്ക് കയറ്റുന്നതിനിടെ കിണറിന്റെ ഭാഗം ഇടിഞ്ഞുവീണു. ശിവകൃഷ്ണനും കിണറ്റിലേക്ക് വീണതോടെ, കിണറിന്റെ ഭാഗം അര്‍ച്ചനയുടെയും സോണിയുടെയും മേൽ വീണു.

നാല് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മൂന്നുപേരെയും പുറത്തെടുത്തപ്പോൾ മൂവരും മരണപ്പെട്ടിരുന്നു. മരണത്തിന് മുമ്പ് അര്‍ച്ചന സ്വന്തം പരിക്കുകൾ വീഡിയോയിലാക്കി സൂക്ഷിച്ചിരുന്നു. അതിൽ മുഖത്തും കണ്ണിനടിയിലും ചുണ്ടിനകത്തും മർദനമേറ്റ പരിക്കുകൾ വ്യക്തമായി കാണാം