ജിദ്ദ ∙ സൗദിയില്‍ നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ കർശന പരിശോധന തുടരുന്നു. ഒരാഴ്ചയ്ക്കിടെ മാത്രം വിവിധ ഭാഗങ്ങളിൽനിന്ന് പിടിയിലായത് 21,000 ലേറെ പേർ. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം രണ്ടു മുതല്‍ എട്ടു വരെയുള്ള ദിവസങ്ങളില്‍ വിവിധ പ്രവിശ്യകളില്‍ നടത്തിയ പരിശോധനകളില്‍ 12,439 ഇഖാമ നിയമ ലംഘകരും 4,650 നുഴഞ്ഞുകയറ്റക്കാരും 4,314 തൊഴില്‍ നിയമ ലംഘകരും അടക്കം ആകെ 21,403 നിയമ ലംഘകർ പിടിയിലായി.
സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ 31,344 നിയമലംഘകർ കഴിയുന്നുണ്ട്. ഇതില്‍ 29,840 പേര്‍ പുരുഷന്മാരും 1,504 പേര്‍ വനിതകളുമാണ്. ഇതിൽ 23,824 പേര്‍ക്ക് രേഖകളില്ല. ഇവരെ അതാത് രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനായി എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കും. ഒരാഴ്ചക്കിടെ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകള്‍ വഴി സൗദിയില്‍ നിന്ന് 11,849 നിയമ ലംഘകരെ നാടുകടത്തുകയും ചെയ്തു.
