ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ ഇന്ന് പരിശോധിക്കും. അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരന്റെ നേതൃത്വത്തിലാണ് പരിശോധന. സ്‌ട്രോങ് റൂം പരിശോധന ഇന്നലെ നടത്തിയിരുന്നു. അതേസമയം, സ്വര്‍ണപാളി വിവാദത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ 10 പേരാണ് പ്രതികള്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. സ്വര്‍ണപാളികളും, ദ്വാരപാലക ശില്‍പനത്തിലെ പാളികളും കൊണ്ടുപോയതിനാണ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്.
രണ്ട് സംഭവങ്ങളും വ്യത്യസ്ത തീയതികളില്‍ നടന്നതിലാണ് രണ്ട് കേസുകളെടുത്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് രണ്ട് കേസുകളിലും ഒന്നാം പ്രതി. ഒമ്പത് ദേവസ്വം ഉദ്യോഗസ്ഥരും പ്രതികളാണ്. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനും സാധ്യതയുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സിനെ നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ല. 989 ഗ്രാം സ്വര്‍ണം ശബരിമലയില്‍ നിന്ന് കാണാതെ പോയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം, സ്വര്‍ണപാളി വിവാദത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. ദേവസ്വം മന്ത്രി വിഎന്‍ വാസവനും, ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
