‘മരണം കാത്ത് കിടക്കുന്ന പായയില്‍ തന്നെ തീറ്റയും കുടിയും നടത്തുന്ന അവസ്ഥയിലാണ് സര്‍ക്കാര്‍’

കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച് കോഴിക്കോട് മുന്‍ ഡിസിസി പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ കെ സി അബു. ഷാഫി പറമ്പില്‍ രാഷ്ട്രീയത്തിലെ ദുല്‍ഖര്‍ സല്‍മാനാണെന്ന് കെ സി അബു പറഞ്ഞു. പേരാമ്പ്ര സിപിഐഎമ്മിന് സ്ത്രീധനം കിട്ടിയതല്ല. മരണം കാത്ത് കിടക്കുന്ന പായയില്‍ തന്നെ തീറ്റയും കുടിയും നടത്തുന്ന അവസ്ഥയിലാണ് സര്‍ക്കാര്‍. ഭരണം നാളെ മാറും. അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ സി അബു പറഞ്ഞു.

ഇന്നലെയായിരുന്നു പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. ഷാഫി പറമ്പില്‍ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കം ഏഴോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഷാഫിയുടെ മൂക്കിനായിരുന്നു പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.