ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ശബരിമല വിഷയത്തിൽ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണ്. ശബരിമല പ്രതിഷേധങ്ങൾ എന്തിനെന്നു പോലും പ്രതിപക്ഷത്തിന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയിലേക്കുള്ള റോഡുകൾ നശിച്ചത് യുഡിഎഫ് കാലത്താണ്. അന്ന് മികച്ച കുണ്ടും കുഴിയും കാണാമായിരുന്നു.റോഡിലൂടെ പോകുന്നവർ തിരിച്ച് ‘നട്ടെല്ലില്ലാതെ’ വരുന്ന കാലമായിരുന്നു അത്.
ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ് കുമാറിന് സിപിഐഎം നൽകിയ സ്വീകരണ യോഗത്തിലാണ് മന്ത്രിയുടെ പരാമർശം.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ നിരത്തി അന്വേഷണ റിപ്പോര്‍ട്ട്. സ്വര്‍ണക്കൊള്ള ദേവസ്വം ബോര്‍ഡ് അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ബോര്‍ഡ് അധികാരികളുടെ പ്രേരണയോ സമ്മര്‍ദമോ നിര്‍ദേശമോ ഉണ്ടായിരുന്നോ എന്നത് ഗൗരവമായി അന്വേഷിക്കണം. നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതിക്ക് സമര്‍പ്പിച്ച ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ട്വന്റിഫോറിന് ലഭിച്ചു.

ഉദ്യോഗസ്ഥ വീഴ്ച അക്കമിട്ട് നിരത്തുന്നതിനൊപ്പം അന്നത്തെ ദേവസ്വം ബോര്‍ഡിനെയടക്കം സംശയിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ദേവസ്വം മാന്വലും ദേവസ്വം ചട്ടങ്ങളും നിലനില്‍ക്കേ ദ്വാരപാലക ശില്‍പങ്ങളുടെ ഭാഗങ്ങള്‍ 49 ദിവസങ്ങള്‍ കഴിഞ്ഞാണ് തിരികെ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമവിരുദ്ധമായി ഉദ്യോഗസ്ഥര്‍ ഇപ്രകാരം ചെയ്ത വിവരം ദേവസ്വം ബോര്‍ഡിന്റെ അധികാരികള്‍ അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയുന്നില്ല. മാത്രമല്ല ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യപ്രകാരമാണ് ഇപ്രകാരം ചെയ്തത് എന്നും കരുതാന്‍ കഴിയില്ല. 2019 ലെ ബോര്‍ഡ് അധികാരികളുടെ പ്രേരണയോ സമ്മര്‍ദ്ദമോ നിര്‍ദ്ദേശമോ ഉണ്ടോയെന്ന സംശയവും ഉന്നയിക്കുന്നുണ്ട്. ദ്വാരപാലക ശില്‍പ്പ പാളികള്‍ നിയമവിരുദ്ധമായി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയ്ക്ക് പുറത്ത് കൊണ്ടുപോയി സ്വര്‍ണം പൂശാന്‍ ഇടയായത് 2019ലെ ബോര്‍ഡിന്റെ വീഴ്ചയാണെന്നും ഇക്കാര്യത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ നടപടി വേണം എന്നും പറയുന്നുണ്ട്.