വാടക വര്‍ദ്ധിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുളള റിയാദ് മാതൃക രാജ്യത്തുടനീളം നടപ്പിലാക്കാൻ അധികൃതർ

സൗദി അറേബ്യ: പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയിലെ എല്ലായിടങ്ങളിലും കെട്ടിട വാടക കുറഞ്ഞേക്കും. അഞ്ച് വര്‍ഷത്തേക്ക് വാടക വര്‍ദ്ധിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുളള റിയാദ് മാതൃക രാജ്യത്തുടനീളം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി തുടക്കം കുറിച്ചു. ഇതോടെ വര്‍ഷം തോറുമുള്ള വാടക വര്‍ദ്ധന താമസക്കാര്‍ക്ക് നല്‍കേണ്ടി വരില്ല.

സൗദിയിലെ പ്രവാസികള്‍ക്ക് ശമ്പളത്തിന്റെ നല്ലൊരു ശതമാനം തുക വാടകക്കായി മാറ്റി വക്കേണ്ടി വരുന്ന അവസ്ഥക്ക് വൈകാതെ മാറ്റം വരുമെന്നാണ് പ്രതീക്ഷ. അഞ്ച് വര്‍ഷത്തേക്ക് വാടക വര്‍ദ്ധിപ്പിക്കാന്‍ പാടില്ലെന്ന നിയമം സൗദി തലസ്ഥാനമായ റിയാദില്‍ ഇതിനകം നിലവില്‍ വന്നുകവിഞ്ഞു. ഇതിന് പിന്നാലൊയണ് ഇത് രാജ്യവ്യാപകമായി നടപ്പിലാക്കാനുളള നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി വ്യക്തമാക്കുന്നത്. വിവിധ നഗരങ്ങളിലെ വില നിലവാരം നിരീക്ഷിച്ചാകും അന്തിമ തീരുമാനം കൊക്കൊള്ളുക.

പാര്‍പ്പിട, വാണിജ്യ കെട്ടിടങ്ങള്‍ക്ക് ഒരു പോലെ തീരുമാനം ബാധകമാക്കാനാണ് ആലോചന. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ റിയാദിന് സമാനമായി രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളിലെ താമസക്കാര്‍ക്കും അഞ്ച് വര്‍ഷത്തേക്ക് ഒരേ വാടക നല്‍കിയാല്‍ മതിയാകും. പുതിയ ചട്ടക്കൂടിന് കീഴില്‍ മുമ്പ് പാട്ടത്തിനെടുത്ത ഒഴിവുള്ള യൂണിറ്റുകളുടെ വാടക അവസാനമായി രജിസ്റ്റര്‍ ചെയ്ത കരാറിന്റെ മൂല്യത്തില്‍ നിശ്ചയിക്കും. അതിനിടെ പാട്ടത്തിന് നല്‍കിയിട്ടില്ലാത്ത പ്രോപ്പര്‍ട്ടികളുടെ വാടക ഭൂവുടമയും വാടകക്കാരനും തമ്മിലുള്ള കരാര്‍ പ്രകാരം നിര്‍ണയിക്കുന്നത് തുടരുകയും ചെയ്യും.