സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ നിർദ്ദേശങ്ങൾ ഇസ്രയേലും ഹമാസും അം​ഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ്

ഗാസയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ നിർദ്ദേശങ്ങൾ ഇസ്രയേലും ഹമാസും അം​ഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് മിഡിൽ ഈസ്റ്റിനും ലോകത്തിനും മഹത്തായ ദിവസമെന്നും ട്രംപ് പറഞ്ഞു. ഗാസയുടെ സമാധാനത്തിനായി മധ്യസ്ഥത വഹിച്ച ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യുഎസ് പ്രസിഡൻ്റ് നന്ദി പറഞ്ഞു. ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെയായിരുന്നു ട്രംപിന്റെ വാക്കുകൾ.

‘ഞങ്ങളുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്രായേലും ഹമാസും അംഗീകാരം നൽകിയിരിക്കുന്നു. ഇത് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.’ ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘തടവിൽ കഴിയുന്ന എല്ലാ ബന്ദികളെയും ഉടൻ തന്നെ മോചിപ്പിക്കുമെന്നാണ് ഇതിനർത്ഥം. ശക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകളായി ഇസ്രയേൽ സൈന്യത്തെ പിൻവലിക്കും.’ ട്രംപ് കൂട്ടിച്ചേർത്തു.

സമാധാന ശ്രമങ്ങൾക്ക് മദ്ധ്യസ്ഥത വഹിച്ച ടർക്കി, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾക്കും യുഎസ് പ്രസിഡന്റ് നന്ദി അറിയിച്ചു. ‘സമാധാനം സ്ഥാപിക്കുക മഹത്തായ കാര്യമാണ്. അറബ്-മുസ്ലീം രാജ്യങ്ങൾക്കും, ഇസ്രയേലിനും അമേരിക്കയ്ക്കും ലോകത്തിനും തന്നെ ഇത് മഹത്തായ ഒരു ദിവസമാണ്.’ ട്രംപ് പ്രതികരിച്ചു.

ട്രംപിന്റെ വാക്കുകൾ സ്ഥിരീകരിച്ച് ഹമാസും രം​ഗത്തെത്തി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, ​​ഗാസയിലെ അധിനിവേശത്തിൽ നിന്ന് പിൻമാറുക, മാനുഷിക സഹായം എത്തിക്കുക, തടവുകാരെ കൈമാറ്റം ചെയ്യുക എന്നിവ വ്യവസ്ഥ ചെയ്യുന്ന ഒരു ഉടമ്പടിയിൽ എത്തിച്ചേർന്നതായി ഹമാസ് ​അറിയിച്ചു.

ഇത് വലിയൊരു ദിവസമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇത് നയതന്ത്ര വിജയവും ധാർമികതയുടെ നേട്ടവുമാണ്. ഇസ്രയേലിൻ്റെ സുരക്ഷയ്ക്കും ബന്ദികളുടെ മോചനത്തിനും വേണ്ടിയുള്ള ട്രംപിൻ്റെ നേതൃത്വം, പങ്കാളിത്തം, അചഞ്ചലമായ പ്രതിബദ്ധത എന്നിവയ്ക്ക് നെതന്യാഹു നന്ദി അറിയിച്ചു.