ഷാഫി പറമ്പിലിനെതിരായ അതിക്രമത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംഘർഷത്തിന് പോകുമ്പോൾ ഇതുപോലെ ഉണ്ടാകും എന്ന് മനസിലാക്കണം എന്നും അത് നേരിടാൻ ഉള്ള തൻ്റേടം വേണം എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാർ ഭരിയ്ക്കുമ്പോൾ പട്ടിയെ തല്ലുപോലെ ആണ് പൊലീസ് ഇടതുപക്ഷ പ്രവർത്തകരെ തല്ലിയത് എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം കോഴിക്കോട് പേരാമ്പ്രയിൽ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയെ മർദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിഞ്ഞു. ഷാഫിയുടെ തലയ്ക്ക് പൊലീസ് ലാത്തിക്കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഷാഫി ചികിത്സയിൽ തുടരുകയാണ്.

സംഘർഷത്തിനിടയിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ ലാത്തി പ്രയോഗിച്ചിട്ടില്ല എന്നായിരുന്നു കോഴിക്കോട് റൂറൽ എസ്പിയുടെ പ്രതികരണം. എന്നാൽ ആ വാദം പൊളിക്കുന്നതാണ് ഈ ദൃശ്യങ്ങൾ. ലാത്തിക്കൊണ്ട് പൊലീസ് തലയിലും മുഖത്തും അടിക്കുന്നുണ്ട്. ഇതിനിടയിലാണ് എംപിക്ക് സാരമായി പരിക്കേറ്റത്. മൂക്കിന്റെ രണ്ടു എല്ലുകൾക്ക് പൊട്ടലുണ്ട്. ഷാഫിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി.

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ് ഷാഫി പറമ്പിൽ. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. നേരിയതോതിൽ സംസാരിക്കുന്നുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ ഉൾപ്പെടെ എട്ടുപേർക്കും, കണ്ടാലറിയാവുന്ന 692 കോൺഗ്രസ് പ്രവർത്തകർക്കും എതിരെ കേസെടുത്തിട്ടുണ്ട്. 501 സിപിഐഎം പ്രവർത്തകർക്കെതിരെയും കേസുണ്ട്. പേരാമ്പ്രയിലെ സംഘർഷത്തിന് പിറകെ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയതുമായി ബന്ധപ്പെട്ട് ടി സിദ്ദീഖ് എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെയും പൊലീസ് കേസെടുത്തു.