അബുദബി: യുഎഇയിലേക്ക് പ്രവേശിക്കുന്നതിനും തിരികെ പോകുന്നതിനും പുതിയ മാര്‍നിര്‍ദേശങ്ങള്‍ പുറത്തിറക്കി. സുരക്ഷ, സുഗമമായ കസ്റ്റംസ് നടപടിക്രമങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി ലക്ഷ്യമിട്ട് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവ ചേര്‍ന്ന് സമഗ്രമായ യാത്രാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴുള്ള പിഴ ഒഴിവാക്കുന്നതിന്, സുരക്ഷ ഉറപ്പാക്കുന്നതിന്, പണം, വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍, നിയന്ത്രിത വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളാണ് പുറത്തുവിട്ടത്.

ജിസിസിയിലെ ഏകീകൃത കസ്റ്റംസ് നിയമത്തില്‍ പറയുന്നത് അനുസരിച്ച് 60,000 ദിര്‍ഹത്തില്‍ കൂടുതലോ അല്ലെങ്കില്‍ അതിന് തുല്യമായതോ ആയ മറ്റ് കറന്‍സികള്‍, കൈമാറ്റം ചെയ്യാവുന്ന തരത്തിലുള്ള ഉപകരണങ്ങള്‍, വിലയേറിയ ലോഹങ്ങള്‍, വിലപിടിപ്പുള്ള കല്ലുകള്‍ തുടങ്ങിയവ കൊണ്ടുപോകുമ്പോള്‍ ഇവ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കണം.

യുഎഇയിലേക്ക് വരുന്നവരും തിരികെ പോകുന്നവരും ഈ നിയമം പാലിച്ചിരിക്കണം. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കണ്ടുകെട്ടലിനോ നിയമപരമായ പിഴകള്‍ക്കോ കാരണമായേക്കാം. എന്നാല്‍ വ്യക്തിഗത വസ്തുക്കള്‍ക്കും സമ്മാനങ്ങള്‍ക്കുമെല്ലാം കസ്റ്റംസ് നിയമത്തില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. കൊണ്ടുപോകാവുന്ന സമ്മാനങ്ങളുടെ ആകെ മൂല്യം 3,000 ദിര്‍ഹത്തില്‍ കൂടാന്‍ പാടില്ല. എന്നാല്‍ പതിവായി യാത്ര ചെയ്യുന്നവരും സമാനമായ സാധനങ്ങള്‍ വ്യാപാരം ചെയ്യുന്നവരും ഈ ഇളവിന് അര്‍ഹരല്ല.

പുകയില ഉത്പന്നങ്ങളിലും നിയന്ത്രണമുണ്ട്. 200 സിഗരറ്റുകള്‍ വരെയോ അല്ലെങ്കില്‍ തത്തുല്യമായ അളവിലുള്ള പൈപ്പ് പുകയിലയോ ഷിഷയോ കൊണ്ടുപോകാനും കൊണ്ടുവരാനും സാധിക്കും. എന്നാല്‍ ഇതില്‍ കൂടുതല്‍ കൊണ്ടുപോകുന്നതിന് കസ്റ്റംസ് തീരുവ ബാധകമാണ്.

മയക്കുമരുന്ന്, ചൂതാട്ടത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, നൈലോണ്‍ മത്സ്യബന്ധന വലകള്‍, അസംസ്‌കൃത ആനക്കൊമ്പ്, വ്യാജ കറന്‍സി, ഉപയോഗിച്ചതോ റീട്രെഡ് ചെയ്തതോ ആയ ടയറുകള്‍, റേഡിയോ ആക്ടീവ് വസ്തുക്കള്‍, റെഡ് ബീം ലേസര്‍ പേനകള്‍, മതപരമായ മൂല്യങ്ങളെ ഹനിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവയെല്ലാം നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ഇവയ്ക്ക് പുറമെ റേഡിയേഷന്‍ അല്ലെങ്കില്‍ ന്യൂക്ലിയറിന്റെ സ്വാധീനത്തോടെ മലിനമായ വസ്തുക്കള്‍, പാന്‍, വെറ്റില തുടങ്ങിയവയും നിരോധിക്കപ്പെട്ടിരിക്കുന്നു.