പാകിസ്ഥാനിലെ ഐഎസ്ഐ ചാരസംഘടനയ്‌ക്ക് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. ഇന്റലിജൻസ് ഏജൻസികളുടെ വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന് വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയ മംഗത് സിംഗാണ് അറസ്റ്റിലായത്.
രണ്ട് വർഷമായി യുവാവ് പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്തുവരികയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സൈനികരുടെ നീക്കങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ യുവാവ് ചോർത്തിനൽകി. ഓപ്പറേഷൻ സിന്ദൂരിന് ശേഷം രാജസ്ഥാനിലെ വിവിധയിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. മംഗത് സിംഗിന്റെ നീക്കങ്ങളിൽ സംശയം തോന്നിയ അന്വേഷണസംഘം ഇയാളെ കൂടുതൽ നിരീക്ഷിക്കാൻ ആരംഭിച്ചിരുന്നു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പോലും മംഗത് സിംഗ് വിവരങ്ങൾ ചോർത്തി നൽകിയതായി അന്വേഷണസംഘം കണ്ടെത്തി. രണ്ട് പാകിസ്ഥാൻ നമ്പറുകളുമായി ഇയാൾ സ്ഥിരമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം. ഹണിട്രാപ്പിലൂടെയാണ് ഇയാളെ ഐഎസ്ഐ കുടുക്കിയതെന്ന് റിപ്പോർട്ടുണ്ട്. ഇഷ ശർമ എന്ന വ്യാജ ഐഡിയിലൂടെയാണ് പാക് യുവതി മംഗത് സിംഗുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് ഹണിട്രാപ്പിൽ കുടുക്കുകയായിരുന്നു.
മംഗത് സിംഗിന്റെ മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. നിരവധി നിർണായക വിവരങ്ങൾ ചോദ്യം ചെയ്യലിൽ ലഭിച്ചുവെന്നാണ് പ്രാഥമിക വിവരം.
