ന്യൂഡൽഹി : നന്നായി ബാറ്റു ചെയ്യുമ്പോൾ റണ്ണൗട്ടാകുന്നത് എന്തൊരു കഷ്ടമാണ്! ശനിയാഴ്ച രാവിലെ ഡൽഹി അരുൺ ജയ്റ്റലി സ്റ്റേഡയിത്തിൽ നടന്നത് അക്ഷരാർഥത്തിൽ അതാണ്. വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ചറിയിലേക്ക് അനായാസം ബാറ്റു വീശുകയായിരുന്ന ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ (175) റണ്ണൗട്ടായി പുറത്ത്. രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങി രണ്ടാം ഓവറിൽ തന്നെയാണ് നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തിയത്.
ജയ്ഡൻ സീൽസ് എറിഞ്ഞ പന്തിൽ അതിവേഗ സിംഗിളിനായി ഓടിയ ജയ്‌സ്വാളിനെ മറുവശത്തുണ്ടായിരുന്ന ക്യാപ്റ്റൻ ശുഭ്‍മാൻ ഗിൽ തിരിച്ചയച്ചു. പിച്ചിന്റെ പകുതി വരെയെത്തിയ ജയ്‌സ്വാൾ തിരിഞ്ഞോടിയെങ്കിലും ക്രീസിലെത്തും മുൻപ് ചന്ദ്രപോളിന്റെ ത്രോയിൽ കീപ്പർ ടെവിൻ ഇംലാച്, ജയ്‌സ്വാളിനെ പുറത്താക്കുകയായിരുന്നു. ഇതോടെ നിരാശനായ ജയ്‌സ്വാൾ, ഗില്ലിനോട് പരിഭവം പ്രകടിപ്പിക്കുകയും ഡ്രസിങ് റൂമിലേക്കു മടങ്ങുകയും ചെയ്തു. വിശ്വസിക്കാനാകാതെ ഗില്ലും തലയിൽ കൈവച്ചു. ഇന്നു രണ്ടു റൺസ് മാത്രമാണ് ജയ്‌സ്വാളിനു കൂട്ടിച്ചേർക്കാനായത്.
ഒന്നാം ദിനം, 2ന് 318 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. സെഞ്ചറിക്കരിക്കെ വീണ സായ് സുദർശനും (87) ഒന്നാം ദിനം ഇന്ത്യയ്ക്കായി തിളങ്ങി. പിച്ച് ബാറ്റിങ് പറുദീസയാകുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നതിനാൽ ടോസ് നേടി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രണ്ടാമതൊന്നു ചിന്തിക്കാതെ ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ, ആദ്യ ഓവറുകളിൽ വിൻഡീസ് പേസർമാരുടെ ആധിപത്യമാണ് പിച്ചിൽ കണ്ടത്. പേസും സ്വിങ്ങുമായി ജയ്ഡൻ സീൽസും ആൻഡേഴ്സൻ ഫിലിപ്പും കളംപിടിച്ചതോടെ ഇന്ത്യൻ ഓപ്പണർമാർ പ്രതിരോധത്തിലായി. കരുതലോടെ തുടങ്ങിയ ജയ്സ്വാളും കെ.എൽ.രാഹുലും (38) ഒന്നാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്ത് ടീമിന്റെ അടിത്തറ ഭദ്രമാക്കി. പിന്നാലെ രാഹുലിനെ പുറത്താക്കിയ സ്പിന്നർ ജോമൽ വാരികാനാണ് വിൻഡീസിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. രാഹുൽ മടങ്ങിയെങ്കിലും മൂന്നാമനായി എത്തിയ സായ് സുദർശനെ കൂട്ടുപിടിച്ച ജയ്സ്വാൾ ആദ്യ സെഷനിൽ ഇന്ത്യയെ 28 ഓവറിൽ ഒന്നിന് 94 എന്ന നിലയിൽ എത്തിച്ചു.
