പീരുമേട്: ഇടുക്കിയില്‍ കാപ്പാ കേസ് പ്രതിയേയും കൂട്ടാളികളേയും വെടിയുണ്ടകളുമായി പോലീസ് പിടികൂടി. പുനലൂര്‍ സ്വദേശികൾ ആയ രാജ് ഭവനില്‍ രതീഷ് (44), പൂക്കുടിഞ്ഞിയില്‍ വീട്ടില്‍ എസ്.കെ. ജയിന്‍ സാം (32), ആനന്ദ ഭവനില്‍ രജിത്ത് കുമാര്‍ എന്നിവർ ആണ് പിടിയിൽ ആയത്. കാപ്പാ കേസില്‍ കൊല്ലം ജില്ലയില്‍നിന്ന് പുറത്താക്കിയ കുറ്റവാളിയാണ് ജയിന്‍. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജയിന്‍ പീരുമേട്ടില്‍ കെടിഡിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടത്തില്‍ രഹസ്യമായി താമസിച്ചു വരികയായിരുന്നു. കെട്ടിടത്തിന്റെ കെയര്‍ ടേക്കര്‍ പുനലൂര്‍ മണിയാര്‍ സ്വദേശി രതീഷാണ് ഇയാള്‍ക്ക് ഇവിടെ താമസിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്തത്. ജയിന്റെ സുഹൃത്ത് രഞ്ജിത് എന്നയാളും ഇവര്‍ക്കൊപ്പം അവിടെ താമസിച്ചിരുന്നു.
ഇവര്‍ ഇവിടെ രഹസ്യമായി താമസിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്, ജില്ലാ പോലീസ് മേധാവിയുടെയും പീരുമേട് പോലീസിന്റെയും പ്രത്യേക സംഘം ഗസ്റ്റ് ഹൗസില്‍ പരിശോധന നടത്തുകയായിരുന്നു. പിടിയിലായ പ്രതികളുടെ പക്കല്‍നിന്നും നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന മൂന്ന് തിരകളും കണ്ടെത്തി. മൂന്നുപേരെയും പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ തുടരന്വേഷണം നടക്കുന്നുണ്ട്. സിഐ ഗോപിചന്ദ്രന്‍, എസ്ഐമാരായ ജെഫി ജോര്‍ജ്, സിയാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിധീഷ്, സനില്‍, ഡാന്‍സാഫ് അംഗങ്ങള്‍ ജോഷി, നദീര്‍, സുനീഷ് എന്നിവരും രഹസ്യാന്വേഷണ വിഭാഗവും പരിശോധനയില്‍ പങ്കെടുത്തു.
