ഓസ്‌ലോ: ലോക രാജ്യങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന സാമാധാന നൊബേൽ സമ്മാനം ആർക്കെന്നു പ്രഖ്യാപിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തനിക്ക് സമ്മാനം വേണമെന്ന വാദം ശക്തമാക്കിയതായിരുന്നു ഇത്തവണത്തെ നൊബേൽ ചർച്ചയാകാൻ കാരണം. എന്തായാലും പുരസ്കാരം പ്രഖ്യാപനം ട്രംപിന് നിരാശയാണ് സമ്മാനിച്ചത്.
ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി വെനിസ്വേലയിൽ നടത്തുന്ന ധീരവും അക്ഷീണവുമായ പോരാട്ടത്തിന് വെനിസ്വേലയുടെ പ്രമുഖ പ്രതിപക്ഷ നേതാവായ മരിയ കൊറീന മച്ചാഡോയ്ക്കാണ് നൊബേൽ സമ്മാനം. ഓസ്‌ലോയിലെ നോർവീജിയൻ നൊബേൽ കമ്മിറ്റിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
“വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്‌നത്തിനും, സ്വേച്ഛാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവർക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നൽകുന്നത്,” എന്ന് നൊബേൽ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
വെനിസ്വേലയുടെ ജനാധിപത്യ പ്രസ്ഥാനത്തിന് മച്ചാഡോ നൽകുന്ന നേതൃത്വത്തെ കമ്മിറ്റി പ്രത്യേകം പ്രശംസിച്ചു. ഭീഷണി നേരിടുമ്പോഴും, രാഷ്ട്രീയ വിലക്കുകൾ ഏർപ്പെടുത്തിയിട്ടും രാജ്യത്ത് തന്നെ തുടരാനുള്ള അവരുടെ തീരുമാനം ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായെന്നും, “ബുള്ളറ്റിന് പകരം ബാലറ്റിനെ” തിരഞ്ഞെടുത്ത് അവർ സമാധാനപരമായ പ്രതിരോധമാണ് നടത്തുന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
സമാധാന നൊബേൽ ലഭിക്കാൻ തന്റെയത്ര അർഹത മറ്റാർക്കുമില്ലെന്ന് ട്രംപ് നിരന്തരം വാദിച്ചിരുന്നു. അധികാരത്തിൽ തിരിച്ചെത്തി ഏഴ് മാസത്തിനകം, ഇന്ത്യ-പാകിസ്താൻ, ഇസ്രയേൽ-ഇറാൻ, കോംഗോ-റുവാണ്ട, കംബോഡിയ-തായ്‌ലാൻഡ്, സെർബിയ-കൊസോവോ, ഈജിപ്ത്-എത്യോപ്യ, അർമേനിയ-അസർബയ്ജാൻ എന്നിങ്ങനെ ഏഴോളം അന്താരാഷ്ട്ര സംഘർഷങ്ങൾ താൻ പരിഹരിച്ചിട്ടുണ്ടെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഗാസയിലെ വെടിനിർത്തലിനായി അദ്ദേഹം അവതരിപ്പിച്ച സമാധാന പദ്ധതിയും നോബലിനായുള്ള പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.
