വാഷിങ്ടൻ : തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർക്ക് സമർപ്പിക്കുന്നതായി വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോ. സ്വാതന്ത്ര്യം നേടാനുള്ള എല്ലാ വെനസ്വേലക്കാരുടെയും പോരാട്ടത്തിനുള്ള ഈ അംഗീകാരം ദൗത്യം പൂർത്തിയാക്കാൻ ഒരു പ്രചോദനമാണെന്ന് മരിയ കൊറിന മചാഡോ എക്സിൽ കുറിച്ചു.
‘‘ഞങ്ങൾ വിജയത്തിന്റെ പടിവാതിലിലാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും നേടുന്നതിനുള്ള ഞങ്ങളുടെ പ്രധാന സഖ്യകക്ഷികളായി പ്രസിഡന്റ് ട്രംപ്, യുഎസിലെ ജനങ്ങൾ, ലാറ്റിനമേരിക്കൻ ജനതകൾ, ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾ എന്നിവരെ ഞങ്ങൾ കരുതുന്നു. ഈ സമ്മാനം ദുരിതമനുഭവിക്കുന്ന വെനസ്വേലൻ ജനതയ്ക്കും ഞങ്ങളുടെ ലക്ഷ്യത്തിനു നിർണായകമായ പിന്തുണ നൽകിയ പ്രസിഡന്റ് ട്രംപിനും സമർപ്പിക്കുന്നു’’– മരിയ കൊറിന മചാഡോ എക്സിൽ കുറിച്ചു.
