ചെന്നൈ: നിരവധി കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കോൾഡ്രിഫ് കഫ് സിറപ്പ് നിർമ്മിച്ച കമ്പനിയുടെ ഉടമ അറസ്റ്റിൽ. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പുത്തൂരിനടുത്തുള്ള സുങ്കുവാർചത്രത്തിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീസാൻ ഫാർമ ഫാർമസ്യൂട്ടിക്കൽ നിർമ്മാണ പ്ലാന്റിന്റെ ഉടമ രംഗനാഥനാണ് സംഭവത്തിൽ അറസ്റ്റിലായത്. ശ്രേസൻ ഫാർമയ്‌ക്കെതിരെ നേരത്തെ തന്നെ കേസ് ഫയൽ ചെയ്തിരുന്നു.

കമ്പനി ഉടമ രംഗനാഥനെ ഇന്നലെ രാത്രി വൈകിട്ടോടെ ചെന്നൈയിൽ വെച്ചാണ് മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 20,000 രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശ് കൂടാതെ രാജസ്ഥാനിലും കോൾഡ്രിഫ് കഫ് സിറപ്പ് മൂലം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. സിറപ്പ് കഴിച്ചതിനെ തുടർന്ന് കുട്ടികൾക്ക് വൃക്കയിൽ അണുബാധയതാണ് കാരണം. 13 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൂടുതലും മരണപ്പെട്ടത്.

കഫ് സിറപ്പിൽ ‘ഡൈഎത്തിലീൻ ഗ്ലൈക്കോൾ’ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഈ രാസവസ്തു ശരീരത്തിലെ വൃക്ക, കരൾ, നാഡികൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുന്നതായാണ് കണ്ടെത്തിയത്. മഷികളുടെയും പശകളുടെയും നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വിഷ പദാർത്ഥമാണ് ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG). ഇതിന്റെ സാന്നിധ്യമാണ് സിറപ്പുകളിൽ കണ്ടെത്തിയത്. കോൾഡ്രിഫ് ചുമ സിറപ്പിൽ 46 മുതൽ 48 ശതമാനം വരെ ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഉപയോഗിച്ചതായാണ് കണ്ടെത്തിയത്.