കൃത്യമായി സ്ഥലം നിശ്ചയിച്ച് നടത്തിയ കൊലപാതകമാണെന്ന് ബിജെപി ആരോപിച്ചു

മാഹി: ന്യൂ മാഹി ഇരട്ട കൊലപാതകത്തില്‍ അപ്പീല്‍ പോകുമെന്ന് ബിജെപി. മേല്‍ കോടതിയില്‍ കേസ് അന്വേഷണത്തിലെ വീഴ്ച ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ച് അപ്പീല്‍ നല്‍കുമെന്ന് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കേസിന്റെ അന്വേഷണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു.

കൃത്യമായി സ്ഥലം നിശ്ചയിച്ച് നടത്തിയ കൊലപാതകമാണ്. മാഹി അതിര്‍ത്തിയോട് ചേര്‍ന്ന് കേരളത്തില്‍ നടന്ന കൊലപാതകം കൃത്യമായ ആസൂത്രണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്തരിച്ച മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു അന്നത്തെ തലശ്ശേരി എംഎല്‍എയും ആഭ്യന്തരമന്ത്രിയും. കഴിഞ്ഞ ദിവസം പ്രതികളായ സിപിഐഎം പ്രവര്‍ത്തകരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു.

കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ഉള്‍പ്പെടെ 16 സിപിഐഎം പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്ത്(28), ഷിനോജ്(29) എന്നിവരെ ന്യൂമാഹിയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(മൂന്ന്) ജഡ്ജി റൂബി കെ ജോസാണ് വിധി പറഞ്ഞത്. 2010 മേയ് 28ന് രാവിലെ 11ന് ന്യൂ മാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍ വെച്ചായിരുന്നു കൊലപാതകം. മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.