ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര പ്രതിനിധി സംഘവുമായി ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ സന്ദര്‍ശനത്തെ ‘ചരിത്രപരം’ എന്നാണ് മോദി വിശേഷിപ്പിച്ചത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം കീര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വ്യാപാര-ബിസിനസ് ബന്ധങ്ങള്‍ക്കാണ് ഈ സന്ദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 100-ല്‍ അധികം വരുന്ന ബ്രിട്ടനിലെ ബിസിനസ് പ്രമുഖരു മറ്റും അടങ്ങുന്ന വന്‍ സംഘമാണ് സ്റ്റാര്‍മറെ അനുഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര പ്രതിനിധി സംഘവുമായി ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ സന്ദര്‍ശനത്തെ ‘ചരിത്രപരം’ എന്നാണ് മോദി വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണ് സ്റ്റാര്‍മര്‍ ഇന്ത്യയില്‍ എത്തിയത്. ജൂലൈയില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് ഒപ്പുവെച്ച ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ അനുബന്ധമായി അംഗീകരിച്ച, പത്ത് വര്‍ഷത്തെ കര്‍മ്മപദ്ധതിയായ ‘വിഷന്‍ 2035’ അനുസരിച്ചുള്ള പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. ഈ വര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രി മോദി യുകെ സന്ദര്‍ശിച്ചപ്പോള്‍ കീര്‍ സ്റ്റാര്‍മറുമായി ചേര്‍ന്ന് പുതിയ ‘ഇന്ത്യ-യുകെ വിഷന്‍ 2035’ന് അംഗീകാരം നല്‍കിയിരുന്നു. കര്‍മ്മപദ്ധതിയുടെ നടത്തിപ്പ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയും യുകെയുടെ വിദേശകാര്യ സെക്രട്ടറിയും ചേര്‍ന്ന് അവലോകനം ചെയ്യും. സാങ്കേതികവിദ്യ, വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പ്രത്യേക മന്ത്രിതല സംവിധാനങ്ങള്‍ രൂപീകരിക്കും.