തിരുവനന്തപുരം ∙ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാർഥമുള്ള യാത്ര സൗജന്യമാക്കി കെഎസ്ആര്‍ടിസി. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നിയമസഭയിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴേക്കുള്ള എല്ലാ ബസുകളിലും കാന്‍സര്‍ ചികിത്സയ്ക്കായി പോകുന്ന എല്ലാ രോഗികള്‍ക്കും യാത്ര സൗജന്യമായിരിക്കും. ‌‌

രോഗികള്‍ അവരുടെ സ്ഥലത്തുനിന്ന് ആശുപത്രികളിലേക്ക് കീമോയ്ക്കും റേഡിയേഷനും പോകുമ്പോഴുള്ള യാത്രയാണ് സൗജന്യമാക്കിയത്. സ്വകാര്യ ആശുപത്രികളിലേക്കു ചികിത്സയ്ക്കു പോകുന്നവര്‍ക്കുള്‍പ്പെടെ ഇതു ബാധകമായിരിക്കുമെന്നു മന്ത്രി അറിയിച്ചു. ഇന്നു ചേരുന്ന കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് യോഗം  ഇതിന് അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.