പോയ വർഷത്തെ മികച്ച ടി20 ബാറ്ററായി മലയാളി താരം സഞ്ജു സാംസൺ. സിയറ്റ് ക്രിക്കറ്റ് അവാർഡ്സിലാണ് താരം നേട്ടമുണ്ടാക്കിയത്. പുരസ്കാരം ഭാര്യ ചാരുതലയ്ക്ക് സമർപ്പിക്കുന്നു എന്ന് സഞ്ജു സാംസൺ പറഞ്ഞു. ഇന്ത്യയുടെ ടി20 ഓപ്പണിങ് സ്ഥാനത്തടക്കം നടത്തിയ തകർപ്പൻ പ്രകടനങ്ങൾ പരിഗണിച്ചാണ് സഞ്ജുവിന് പുരസ്കാരം സമ്മാനിച്ചത്.

കഴിഞ്ഞ വർഷം 12 തവണ ഓപ്പണറായ സഞ്ജു മൂന്ന് സെഞ്ചുറികളാണ് അടിച്ചുകൂട്ടിയത്. രണ്ട് മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും നേടി. 38 ശരാശരിയിൽ, 183.7 സ്ട്രൈക്ക് റേറ്റിൽ 417 റൺസ് നേടിയ സഞ്ജു അഭിഷേക് ശർമ്മക്കൊപ്പം ഇന്ത്യയ്ക്ക് നിരവധി റെക്കോർഡുകളും സമ്മാനിച്ചു.

“ഈ പുരസ്കാരം ഞാൻ എൻ്റെ ഭാര്യ ചാരുവിന് സമർപ്പിക്കുകയാണ്. എൻ്റെ അതേ യാത്ര അവളും സഞ്ചരിക്കുന്നുണ്ട്. ഞാൻ എന്നെയും അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. നിശബ്ദമായി ജോലി ചെയ്യുന്ന, മുന്നിൽ ഇത്രയധികം തടസങ്ങളുണ്ടായിട്ടും ക്ഷമയോടെ മാനസികമായും ശാരീരികമായും മെച്ചപ്പെടാൻ ശ്രമിക്കുന്നയാളാണ ഞാൻ. പക്ഷേ, പുറത്തുനിന്നുള്ള ശബ്ദങ്ങളെക്കാൾ പ്രോസസിലാണ് ഞാൻ ശ്രദ്ധിക്കുന്നത്. 10 വർഷം നീണ്ട കാത്തിരിപ്പിന് ശേഷം എനിക്ക് അവസരം ലഭിച്ചു. അഞ്ച് ടി20 മത്സരങ്ങൾക്കിടെ മൂന്ന് സെഞ്ചുറികൾ നേടാനായി.”- സഞ്ജു പറഞ്ഞു.

“ഇന്ത്യൻ ജഴ്സി അണിയുമ്പോൾ ഒന്നിനോടും നോ എന്ന് പറയാനാവില്ല. ഈ ജഴ്സി അണിയാൻ, ആ ഡ്രസിങ് റൂമിൽ പ്രവേശിക്കാൻ ഞാൻ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. രാജ്യത്തിനായി കളിക്കുന്നതിൽ അഭിമാനമുണ്ട്. 9ആം നമ്പറിൽ ബാറ്റ് ചെയ്യാനും ലെഫ്റ്റ് ആം സ്പിൻ എറിയാനും ആവശ്യപ്പെട്ടാൽ, സന്തോഷത്തോടെ അതും ഞാൻ ചെയ്യും. രാജ്യത്തിന് വേണ്ടി എന്ത് ചെയ്താലും എനിക്ക് പ്രശ്നമില്ല.”- അദ്ദേഹം തുടർന്നു.