നിർദ്ദേങ്ങൾ നടപ്പാക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് ഉടനടി ചർച്ചകൾ ആരംഭിക്കാനും യുഎസ് പ്രസിഡന്റ്
ഗാസയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശങ്ങളോടുള്ള ഹമാസിന്റെ പ്രതികരണത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും മറ്റ് ഏഴ് അറബ്, ഇസ്ലാമിക രാജ്യങ്ങളും. സൗദിക്കൊപ്പം ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ ഹമാസിന്റെ പ്രതികരണത്തെ സ്വാഗതം ചെയ്തത്.
ഗാസയിലെ യുദ്ധം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കുക, മാനുഷിക സഹായം തടസമില്ലാതെ എത്തിക്കുക, പലസ്തീൻ ജനതയുടെ വാസസ്ഥലങ്ങൾ സംരക്ഷിക്കുക, ബന്ദികളെ വിട്ടയയ്ക്കുക, പലസ്തീൻ അതോറിറ്റിയെ ഗസയിൽ തിരികെകൊണ്ടുപോകുക, ഗസയെയും വെസ്റ്റ് ബാങ്കിനെയും ഏകീകരിക്കുക തുടങ്ങിയവയാണ് നിർദ്ദേങ്ങൾ. ഇവ നടപ്പാക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് ഉടനടി ചർച്ചകൾ ആരംഭിക്കാനും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഗാസയിൽ സമാധാനം നടപ്പിലാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ രാജ്യങ്ങൾ സ്വാഗതം ചെയ്തു. ഗാസ മുനമ്പിൽ സ്ഥിരമായി സമാധാനമുണ്ടാകണം, ഗാസയിലെ ജനങ്ങൾ നേരിടുന്ന ഭീകരമായ സാഹചര്യങ്ങൾ ചർച്ചയാകണം തുടങ്ങിയ ആവശ്യങ്ങൾ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ മുന്നോട്ടുവെച്ചു.
