തിരുവനന്തപുരം : സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിയമസഭ തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രക്ഷുബ്ധം. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ദേവസം മന്ത്രി രാജിവയ്ക്കുകയും ദേവസ്വം അംഗങ്ങളെ പുറത്താക്കുകയും ചെയ്യും വരെ സഭാനടപടികളുമായി നിസഹകരിക്കാനാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
അതേസമയം, ശരിയായ രീതിയില്‍ നോട്ടിസ് നല്‍കി വിഷയം അവതരിപ്പിക്കുന്നതിനു പകരം പ്രതിപക്ഷം എന്തുകൊണ്ടാണ് ഇത്തരം സമീപനം സ്വീകരിക്കുന്നതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ് ചോദിച്ചു. ഇന്നലെ ഗാലറിയില്‍ എത്തിയ സ്‌കൂള്‍ കുട്ടികള്‍ കണ്ടത് സ്പീക്കറെ തടസപ്പെടുത്തുന്നതാണെന്നും ഇത്തരം ജനാധിപത്യമാണോ കുട്ടികള്‍ പഠിക്കേണ്ടതെന്നും സ്പീക്കര്‍ ചോദിച്ചു. തന്റെ ചിത്രവും പ്ലക്കാർഡിൽ കാണുന്നുണ്ടെന്നും യഥാര്‍ഥത്തില്‍ നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ‘ബഡാ ചോറി’നെപ്പറ്റിയാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടതെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പരിഹസിച്ചു.
