ഛണ്ഡിഗഡ് ∙ ഷോര്‍ട്സ് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹോദരിയെ ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തി പതിനെട്ടു വയസ്സുകാരൻ. ഹരിയാനയിലെ ഫത്തേബാദിലെ മോഡല്‍ ടൗണിലാണ് സംഭവം. 33 വയസ്സുകാരിയായ രാധികയെ ആണ് പ്രതിയായ സഹോദരന്‍ ഹസന്‍പ്രീത് കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ നിന്നുള്ള സ്വദേശികളാണ് ഇരുവരും.

സഹോദരിയുടെ വസ്ത്രധാരണത്തില്‍ എതിര്‍പ്പുണ്ടായ സഹോദരന്‍ തിങ്കളാഴ്ച രാധികയുടെ വീട്ടിലെത്തിയിരുന്നു. വസ്ത്രധാരണം ചോദ്യം ചെയ്തതിനു പിന്നാലെ ഇരുവരും തമ്മിൽ വഴക്കായി. സഹോദരിയുടെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിച്ച ഹസന്‍പ്രീത് ബാറ്റുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാധിക ചികില്‍സയിലിരിക്കെയാണ് മരിച്ചത്. രാധികയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. കുടുംബാംഗങ്ങളുടെ മൊഴിയെടുത്തിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും ഫത്തേബാദ് പൊലീസ് അറിയിച്ചു.