ബിജെപി സംഘടിപ്പിച്ച സന്നദ്ധസേവന കാംപെയിനിലായിരുന്നു സംഭവം

ജയ്പൂർ: ഫോട്ടോ പകർത്തിയ ശേഷം രോഗിക്ക് നൽകിയ ബിസ്‌ക്കറ്റ് തിരികെ വാങ്ങുന്ന ബിജെപി നേതാവിന്‍റെ വീഡിയോ ചർച്ചയാകുന്നു. രാജസ്ഥാനിലെ ജയ്പൂരിലെ ആർയുഎച്ച്എസ് ആശുപത്രിയിലാണ് സംഭവം. ബിജെപി സംഘടിപ്പിച്ച സന്നദ്ധസേവന കാംപെയിനായ ബിജെപി സേവ പഖ് വാഡയുടെ ഭാഗമായാണ് നേതാക്കൾ ആശുപത്രിയിലെത്തിയത്.

ഇതിനിടെ ബിജെപിയുടെ വനിതാ നേതാവ് രോഗിയായ യുവതിക്ക് പത്ത് രൂപ വില വരുന്ന ബിസ്‌ക്കറ്റ് നൽകുകയും ഫോട്ടോ എടുത്തതിന് പിന്നാലെ തിരിച്ച് വാങ്ങുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നേതാവിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

രാജസ്ഥാൻ മുഖ്യമന്ത്രി ബജൻലാൽ ശർമയുടെ സാംഗനേർ നിയോജക മണ്ഡലത്തിലെ പ്രവർത്തകരാണ് ആശുപത്രിയിലെത്തിയത്. എന്നാൽ വിമർശനങ്ങളെ തള്ളിയ നേതാക്കൾ വ്യാജ വീഡിയോയാണ് പങ്കുവെക്കപ്പെടുന്നതെന്ന് ആരോപിച്ചു. വീഡിയോ വൈറലാകാനായി എഡിറ്റ് ചെയ്ത് ഇറക്കിയതാണെന്ന് ബിജെപി ഷിയോപൂർ മണ്ഡലം പ്രസിഡന്റ് ഗോപാൽ ലൈൽ സൈനി പറഞ്ഞു.

രോഗികൾക്ക് പഴങ്ങളും ബിസ്‌ക്കറ്റുമടക്കം എത്തിച്ചു കൊടുക്കുകയായിരുന്നു കാംപെയ്‌ന്റെ ലക്ഷ്യം. എന്നാൽ സന്നദ്ധ പ്രവർത്തനമോ പരിചരണമോ നടത്തുന്നതിന് പകരം നേതാക്കളെല്ലാം ഫോട്ടോ എടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.