കണ്ണൂർ‍: രണ്ടാം വർഷം എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ്‌ മരിച്ചു. ഉളിക്കൽ നെല്ലിക്കാംപൊയിലിലെ കാരാമയിൽ അൽഫോൻസാ ജേക്കബ് (19) ആണ് മരിച്ചത്. ചെമ്പേരി വിമൽജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിനിയായിരുന്നു അൽഫോൻസാ. ഇന്നലെ രാവിലെ കോളേജ് കോമ്പൗണ്ടിൽ ബസിറങ്ങി ക്ലാസിലേക്ക് നടക്കവെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ സഹപാഠികളും അധ്യാപകരും ചേർന്ന് ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബിടെക് സൈബർ സെക്യൂരിറ്റിവിഭാഗം രണ്ടാംവർഷ വിദ്യാർഥിനിയാണ്. ഉളിക്കൽ നെല്ലിക്കാംപൊയിലിലെ ജേക്കബ്-ജെസ്സി ദമ്പതിമാരുടെ മകളാണ്. സഹോദരങ്ങൾ: ജോസിൻ ജേക്കബ്, ജോയ്സ് ജേക്കബ്, പരേതനായ ജോയൽ ജേക്കബ്. സംസ്കാരം ‌ഇന്ന് 11 മണിക്ക് നെല്ലിക്കാംപൊയിൽ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

അൽഫോൻസയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപാഠികൾ. പൂജ അവധി കഴിഞ്ഞ് സഹപാഠികൾക്കൊപ്പം വീണ്ടും കോളേജിലെത്തിയപ്പോഴാണ് ദാരുണാന്ത്യം സംഭവിച്ചത്. കോളേജ് ബസിൽ മറ്റ് വിദ്യാർത്ഥികൾക്കൊപ്പമാണ് അൽഫോൺസ എത്തിയത്. ശേഷം കോളേജിലെ പാർക്കിങ് ഏരിയയിൽ ബസ് ഇറങ്ങി നടക്കുന്നതിനിടെയിലാണ് കുഴഞ്ഞുവീണ‍ത്. മറ്റ് അസുഖങ്ങൾ ഒന്നും അൽഫോൻസയ്ക്കില്ലെന്നാണ് കോളേജ് അധികൃതർ പറയുന്നത്. പഠനത്തിൽ മിടുക്കിയായ അൽഫോൺസ അധ്യാപകർക്കും പ്രിയപ്പെട്ടവളായിരുന്നു. എന്നാൽ വിദ്യാർഥിനിയുടെ വിയോഗം അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ താങ്ങാനായില്ല.

അൽഫോൻസയുടെ മരണത്തിൽ അനുശോചിച്ച് ഇന്നലെ കോളേജിന് അവധി നൽകി. അൽഫോൻസയുടെ സഹോദരന്‍ ജോയൽ ജേക്കബും സമാനമായരീതിയിലാണ് മരിച്ചത്. 2012-ൽ സെമിനാരിയിൽ ചേരുന്നതിനുള്ള ക്യാമ്പിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞുവീണാണ് ജോയൽ മരിച്ചത്.