മസ്‌കത്ത് – പ്രവാസികളുടെ കുടുംബ വീസയും കുട്ടികളുടെ ഐഡി കാര്‍ഡും ജീവനക്കാരുടെ ഐഡി കാര്‍ഡ് പുതുക്കുന്നതിനും ഒമാനില്‍ ഇനി കൂടുതല്‍ രേഖകള്‍ ആവശ്യം. കഴിഞ്ഞ ദിവസം മുതലാണ് പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നത്. കുട്ടികളുടെ ഐഡി കാര്‍ഡ് പുതുക്കുന്നതിന് ഒറിജിനല്‍ പാസ്‌പോര്‍ട്ട്, വീസ പേജ് പകര്‍പ്പ്, ജനന സര്‍ട്ടിഫിക്കറ്റ് (വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയിരിക്കണം) എന്നീ രേഖകള്‍ ഹാജരാക്കണം.

പുതുക്കുന്ന സമയത്ത് മാതാപിതാക്കള്‍ ഇരുവരും ഹാജരാകണം. പങ്കാളിയുടെ വീസ പുതുക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റ് (വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയിരിക്കണം), ഭാര്യാഭര്‍ത്താക്കന്മാരുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ടുകള്‍ എന്നിവ ഹാജരാക്കണം. ഭര്‍ത്താവും ഭാര്യയും ഹാജരാകണം.

ജീവനക്കാരുടെ ഐഡി കാര്‍ഡ് പുതുക്കുന്നതിന് ഒറിജിനല്‍ പാസ്‌പോര്‍ട്ട്, പഴയ ഐഡി കാര്‍ഡ്, വീസ പേപ്പര്‍ (പ്രോസസിങ് ഓഫീസ് ആവശ്യപ്പെടുന്ന പകര്‍പ്പ് അല്ലെങ്കില്‍ ഒറിജിനല്‍) എന്നിവയും ഹാജരാക്കണം. അതേസമയം, പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.