ഗായിക മൈഥിലി താക്കൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും എന്ന് സൂചന

പട്‌ന: പിന്നണി ഗായിക മൈഥിലി താക്കൂര്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്കെന്ന് സൂചന. സ്വന്തം മണ്ഡലമായ മധുബനിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ മൈഥിലിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭ്യൂഹം പരന്നത്. മധുബനി അല്ലെങ്കില്‍ അലിഗഢ് മണ്ഡലമാണ് ബിജെപി മൈഥിലിക്ക് മുന്നിലേക്ക് വെച്ചതെന്നാണ് വിവരം.

ബിഹാറിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്‌ഡെ, കേന്ദ്ര മന്ത്രി നിത്യാനന്ദ് റായ്, മൈഥിലി താക്കൂര്‍, ഗായികയുടെ പിതാവ് എന്നിവരാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്. ‘ബിഹാറിന്റെ മകള്‍’ എന്ന വിശേഷണത്തോടെ വിനോദ് തന്നെയാണ് കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചത്.

1995ല്‍ ലാലു അധികാരത്തില്‍ വന്നതിനുശേഷം ബിഹാര്‍ വിട്ടുപോയ കുടുംബം, ആ കുടുംബത്തിന്റെ മകള്‍, പ്രശസ്ത ഗായിക മൈഥിലി താക്കൂര്‍, ബിഹാറിലെ മാറ്റങ്ങളുടെ വേഗത കണ്ട് സംസ്ഥാനത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു’, എന്നായിരുന്നു ബിജെപി നേതാവിന്റെ എക്‌സ്‌ പോസ്റ്റ്. നേതാവിന്റെ പോസ്റ്റിനോട് പ്രതികരിച്ച മൈഥിലി ‘ബിഹാറിന് വേണ്ടി വലിയ സ്വപ്‌നങ്ങള്‍ കാണുന്ന ആളുകള്‍, അവരുമായുള്ള ഓരോ സംഭാഷണവും എന്നെ സേവനത്തിന്റെ ശക്തി ഓര്‍മിപ്പിച്ചു. ഹൃദയത്തില്‍ നിന്നുള്ള ആദരവും നന്ദിയും’, എന്നാണ് കുറിച്ചത്. രാമായണത്തിലെ ശബരിയെക്കുറിച്ച് നേരത്തെ മൈഥിലി പാടിയ പാട്ടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചിരുന്നു. അയോധ്യ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലായിരുന്നു ഇത്.