17 വർഷത്തിനുശേഷം ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ച ക്യാപ്റ്റൻ. ഐസിസി ഏകദിന കിരീടത്തിനായുള്ള രാജ്യത്തിന്റെ 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച നായകൻ… 3 ഫോർമാറ്റുകളിലായി രാജ്യത്തിന് അവിസ്മരണീയ നേട്ടങ്ങൾ സമ്മാനിച്ചതിന്റെ തലയെടുപ്പോടെയാണ് രോഹിത് ശർമ ക്യാപ്റ്റൻസിയുടെ ആംബാൻഡ് പൂർണമായും അഴിച്ചുവയ്ക്കുന്നത്. ഒരു വർഷം മുൻപുവരെ 3 ഫോർമാറ്റുകളിലും ഇന്ത്യയെ ഒരുമിച്ചു നയിച്ചിരുന്ന രോഹിത്തിന് ഇനി ഒരു ഫോർമാറ്റിലും ക്യാപ്റ്റൻസിയുടെ കവചമില്ല.

കഴിഞ്ഞവർഷം ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ ട്വന്റി20യിൽനിന്നു വിരമിച്ച രോഹിത്, അവസാനം ക്യാപ്റ്റനായ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്കു നേടിത്തന്നത് ഐസിസി ചാംപ്യൻസ് ട്രോഫി കിരീടമാണ്. 3 ഐസിസി വൈറ്റ്‍ബോൾ ടൂ‍ർണമെന്റുകളിലായി രോഹിത്തിന് കീഴിൽ 24 മത്സരങ്ങൾ കളിച്ച ഇന്ത്യ തോൽവി വഴങ്ങിയത് ഒരേയൊരു മത്സരത്തിൽ മാത്രമാണ്; 2023 ഏകദിന ലോകകപ്പ് ഫൈനലിൽ. 2017 ഡിസംബറിൽ ക്യാപ്റ്റനായി ആദ്യ ഏകദിന മത്സരം കളിച്ച രോഹിത് 2022 മുതലാണ് ഈ ഫോർമാറ്റിലെ സ്ഥിരം ക്യാപ്റ്റനാകുന്നത്. 56 ഏകദിനങ്ങളിൽ 42 വിജയങ്ങൾ സ്വന്തമാക്കിയ ഹിറ്റ്മാൻ, ഏകദിന വിജയശതമാനത്തിൽ (76) ഇന്ത്യയിൽ ഒന്നാമതും ലോകത്ത് രണ്ടാംസ്ഥാനത്തുമാണ്. മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്‌ഡ് (76.19%) മാത്രമാണ് രോഹിത്തിന് മുന്നിലുള്ളത്. ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും മികച്ച വിജയശതമാനമെന്ന റെക്കോർഡും രോഹിത്തിന്റെ പേരിലാണ്. 3 ഫോർമാറ്റുകളിലും ഐസിസി ടൂർണമെന്റുകളുടെ ഫൈനൽ കളിച്ച ഏക ഇന്ത്യൻ ക്യാപ്റ്റനുമാണ് രോഹിത്. 2018, 2023 ഏഷ്യാ കപ്പുകളും 2025 ചാംപ്യൻസ് ട്രോഫിയുമാണ് രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ഏകദിനത്തിലെ ഇന്ത്യയുടെ പ്രധാന കിരീടനേട്ടങ്ങൾ. ക്യാപ്റ്റനായുള്ള ഏകദിന മത്സരങ്ങളി‍ൽ 17 അർധ സെഞ്ചറികളും 5 സെ‍ഞ്ചറികളും രോഹിത്തിന്റെ പേരിലുണ്ട്. ‌