കൊച്ചി – ഓണം ബംപർ അടിച്ചത് നെട്ടൂർ സ്വദേശിക്കാണെന്ന് സൂചന. വീട് പൂട്ടി ഇവർ മകളുടെ വീട്ടിലേക്ക് മാറിയതായി ലോട്ടറി വിറ്റ എം.ടി. ലതീഷ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ലെന്നും ഓണം ബംപറായതിനാൽ എടുത്തതാണെന്നും ലതീഷ് പറയുന്നു. 12 മണിയോടെ കൂടുതൽ വിവരങ്ങൾ അറിയാമെന്നും ലതീഷ് പറഞ്ഞു. ലതീഷിന്റെ കടയിൽനിന്നും പ്രദേശവാസികളാണ് കൂടുതലായും ലോട്ടറി വാങ്ങുന്നത്. നാട്ടുകാർക്ക് ലോട്ടറി അടിക്കണമെന്നും ലതീഷ് പറഞ്ഞിരുന്നു. ലോട്ടറി അടിച്ചത് വനിതയ്ക്കാണെന്ന് സൂചനകളുണ്ട്. 25 കോടിയാണ് സമ്മാനത്തുക. നികുതി കഴിഞ്ഞുള്ള തുക ജേതാവിന് നൽകും.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു നറുക്കെടുത്ത സമയം മുതൽ ബംപർ സമ്മാന ജേതാവ് കാണാമറയത്താണ്. എറണാകുളം നെട്ടൂർ ഐഎൻടിയുസി ജംക്‌ഷനിലെ രോഹിണി ട്രേഡേഴ്സ് വഴി വിറ്റ ‘ടിഎച്ച് 577825’ എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
