പീഡനക്കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ (പാർത്ഥസാരഥി) കുരുക്ക് മുറുകുന്നു. പാർത്ഥസാരഥിയ്ക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ നിർബന്ധിച്ചു എന്ന് അറസ്റ്റിലായ മൂന്ന് കോളജ് അധികൃതർ മൊഴിനൽകി. സ്വാമിയുടെ അടുത്ത സഹായികളാണ് ഈ മൂന്ന് യുവതികൾ. ഡൽഹി ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻ്റ് കോളജിലെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു എന്നതാണ് കേസ്.
അസോസിയേറ്റ് ഡീൻ ശ്വേത ശർമ്മ, എക്സിക്യൂട്ടിവ് എഡിറ്റർ ഭാവന കപിൽ, സീനിയർ ഫാക്കൽറ്റി അംഗം കാജൽ എന്നിവരെയാണ് കേസിൽ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. അച്ചടക്കത്തിൻ്റെയും കൃത്യതയുടെയും കാരണം പറഞ്ഞ് പാർത്ഥസാരഥിയ്ക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ നിർബന്ധിക്കാറുണ്ടായിരുന്നു എന്ന് ഇവർ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. ഇത് ഇയാളുടെ നിർദ്ദേശപ്രകാരമായിരുന്നു എന്നും അവർ പറഞ്ഞു.
ഉത്തരാഖണ്ഡിലെ അൽമോറയിലുള്ള ഒരു ഗസ്റ്റ് ഹൗസിലാണ് വിദ്യാർത്ഥിനികളെയും കൊണ്ട് ഇയാൾ താമസിച്ചിരുന്നത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്നെടുത്ത ഡിജിറ്റൽ തെളിവുകളും പോലീസ് പരിഗണനയിലെടുക്കുന്നുണ്ട്. യോഗ വാട്സപ്പ് ഗ്രൂപ്പിൽ വിദ്യാർത്ഥിനികൾ പങ്കുവച്ച ചിത്രങ്ങൾക്ക് ഇയാൾ പറഞ്ഞ അഭിപ്രായപ്രകടനങ്ങൾ വളരെ മോശമായിരുന്നു എന്ന് പോലീസ് പറയുന്നു.
62 വയസുകാരനായ സ്വാമി ചൈതന്യാനന്ദയെ കഴിഞ്ഞ ആഴ്ച ആഗ്രയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞതിന് ശേഷമാണ് ഇയാൾ പിടിയിലായത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ നിന്ന് സ്കോളർഷിപ്പ് നേടി കോളജിൽ അഡ്മിഷനെടുത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് പരാതി. 17ലധികം വിദ്യാർത്ഥിനികളെയാണ് ഇയാൾ പീഡിപ്പിച്ചത്. അശ്ലീല മെസേജുകൾ, അനാവശ്യമായ സ്പർശനം തുടങ്ങി ഇയാൾക്കെതിരെ നിരവധി പരാതികളുണ്ട്.
