ശിൽപിയായ മഹേഷ് പണിക്കരാണ് നിർണായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്
പത്തനംതിട്ട: ശബരിമലയില്‍ നിന്ന് സ്വര്‍ണം പൂശുന്നതിന് 2019 ല്‍ കൊണ്ടുപോയ ദ്വാരപാലക ശില്‍പങ്ങളുടെ പാളിയല്ല തിരികെ കൊണ്ടുവന്നതെന്ന് ശില്‍പി മഹേഷ് പണിക്കല്‍. 1999 ല്‍ ദ്വാരപാലക ശില്‍പത്തില്‍ പൊതിഞ്ഞ സ്വര്‍ണത്തില്‍ വീണ്ടും സ്വര്‍ണം പൂശാന്‍ കഴിയില്ല. യഥാര്‍ത്ഥ ദ്വാരപാലക ശില്‍പങ്ങളിലെ പാളി മാറ്റപ്പെട്ടുവെന്നും മഹേഷ് പണിക്കര്‍ പറഞ്ഞു. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹം നിര്‍മിച്ചത് മഹേഷ് പണിക്കരുടെ മുത്തച്ഛന്മാരായ അയ്യപ്പ പണിക്കര്‍, നീലകണ്ഠ പണിക്കര്‍ എന്നിവരായിരുന്നു നിര്‍മിച്ചിരുന്നത്.
ശബരിമല ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളി വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് മഹേഷ് പണിക്കര്‍ നടത്തിയിരിക്കുന്നത്. സ്വര്‍ണംപൂശിയ ശേഷം തിരികെ സന്നിധാനത്തേക്ക് എത്തിച്ചത് രണ്ടാമത് നിര്‍മ്മിച്ച പാളിയാണെന്ന് മഹേഷ് പണിക്കര്‍ പറഞ്ഞു. 2019 ല്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ പാളികള്‍ വീണ്ടും അറ്റകുറ്റപണി നടത്താന്‍ ഒരു വര്‍ഷത്തിനുശേഷം ശ്രമം ആരംഭിച്ചു. 1999ല്‍ സ്ഥാപിച്ച സ്വര്‍ണപ്പാളികള്‍ക്ക് 2019 ല്‍ ഒരിക്കലും കേടുപാട് സംഭവിക്കില്ല. വെയിലും മഴയും കൊള്ളുന്ന ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ സ്വര്‍ണത്തിന് ഇതുവരെ മങ്ങല്‍ സംഭവിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ദ്വാരപാലക ശില്‍പങ്ങളുടെ പാളികള്‍ക്ക് മങ്ങല്‍ സംഭവിക്കുകയെന്ന് മഹേഷ് പണിക്കര്‍ ചോദിച്ചു. ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളിക്ക് മാത്രമാണ് മങ്ങലേറ്റത്. അത് ഒരുപക്ഷേ സ്വര്‍ണപ്പാളി മോഷ്ടിക്കുന്നതിനായി അവര്‍ കെമിക്കലും മറ്റും ഉപയോഗിച്ച് മനഃപൂര്‍വ്വം മങ്ങിപ്പിച്ചതാകാം. മെര്‍ക്കുറി, നാരാങ്ങാ നീര്, പുളി എന്നിവ ഉപയോഗിച്ച് മങ്ങലേല്‍പ്പിക്കാം. യഥാര്‍ത്ഥ സ്വര്‍ണപ്പാളി എവിടെപ്പോയെന്ന് കണ്ടെത്തണമെന്നും മഹേഷ് പണിക്കര്‍ പറഞ്ഞു. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണത്തില്‍ പൊതിയുകയാണ് ചെയ്തിട്ടുള്ളതെന്നും ശില്‍പി മഹേഷ് പണിക്കര്‍ പറഞ്ഞു. ഏകദേശം മുപ്പത് കിലോയോളം സ്വര്‍ണമാണ് ദ്വാരപാലക ശില്‍പങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് ടണ്‍ ചെമ്പിലാണ് മുപ്പത് കിലോ ഉപയോഗിച്ചിരിക്കുന്നതെന്നും മഹേഷ് പണിക്കര്‍ വ്യക്തമാക്കി.
