കൊല്ലം: കൊല്ലത്ത് ഗോവൻ നിർമ്മിത മദ്യവുമായി മധ്യവയസ്കൻ പിടിയിൽ. 150 ലിറ്റർ മദ്യവുമായി പട്ടത്താനം സ്വദേശി ഡാനി ജേക്കബ് ആണ് പോലീസിന്റെ പിടിയിലായത്. പൂജാ അവധി മുന്നിൽകണ്ട് അമിത വില ഈടാക്കി വിൽപ്പന നടത്തുന്നതിന് വേണ്ടി കൊണ്ടുവന്ന മദ്യമാണ് പോലീസ് പിടികൂടിയത്. ഡാനി ജേക്കബിന്റെ കൂട്ടാളിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ബിവറേജസ് അവധി ദിനങ്ങളിൽ ആവശ്യക്കാർക്ക് പറയുന്നിടത്ത് മദ്യം എത്തിച്ചു നൽകുന്നതാണ് ജേക്കബിന്റെ രീതി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് പോലീസ് ഡാനി ജേക്കബിന്റെ വീട്ടിൽ എത്തിയത്. പരിശോധനയിൽ 150 ലിറ്റർ ഗോവൻ നിർമ്മിത മദ്യമാണ് പിടികൂടിയത്. ഗോവയിൽ നിന്നും 140 രൂപയ്ക്ക് വാങ്ങിക്കുന്ന മദ്യം 700 രൂപയ്ക്കാണ് ഇയാൾ കേരളത്തിൽ വിൽപ്പന നടത്തുന്നത്. വീടിന്റെ പല ഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. ജേക്കബിനെ കൂടാതെ മറ്റു ചിലരും ഇതിൽ പങ്കാളികളാണെന്നാണ് പോലീസ് പറയുന്നത്.
ട്രെയിൻ മാർഗ്ഗം കൊണ്ടുവരുന്ന മദ്യം ഡാനി ജേക്കബിന്റെ വീട്ടിലാണ് സൂക്ഷിക്കാറുള്ളത്. ഇയാളുടെ ബാങ്ക് ഇടപാടുകളും പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം പോലീസ് എത്തുമെന്ന വിവരം അറിഞ്ഞ കൂട്ടാളി ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് അന്വേഷമം ഊർജിതമാക്കിയിട്ടുണ്ട്.
