ശ്രീകണ്ഠപുരം (കണ്ണൂർ) – വേദപാഠ ക്ലാസിൽ വിദ്യാർഥിയെ ശകാരിച്ചെന്ന് ആരോപിച്ച് അധ്യാപകന്റെ മുഖത്ത് കല്ലുകൊണ്ട് ഇ‌‌‌ടിച്ചു ഗുരുതരമായി പരുക്കേൽപിച്ചെന്ന് ആരോപണം. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈക്കാരനുമായ ബിജു തയ്യിലിനാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മർദനമേറ്റത്. ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണു മർദിച്ചതെന്നാണ് വിവരം.

റേഷൻ കടയിൽനിന്നു സാധനം വാങ്ങി മടങ്ങുകയായിരുന്ന ബിജുവിന്റെ വാഹനം തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലയിലും മുഖത്തും തുടരെ ഇടിക്കുകയായിരുന്നെന്നാണ് പരാതി. ഇടിയേറ്റ് മൂക്കിലൂടെയും വായിലൂടെയും രക്തം ചീറ്റി വാഹനത്തിൽ കുഴഞ്ഞു വീണ ബിജുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മർദിച്ചയാളുടെ മകന്റെ വേദപാഠം അധ്യാപകനായ ബിജു കുട്ടിയെ ക്ലാസിൽവച്ചു ശകാരിച്ചു എന്നാരോപിച്ചാണ് മർദനമെന്നു പറയുന്നു.

മുൻപും വാഹനം തട‌ഞ്ഞുനിർത്തി ബിജുവിനെ ആക്രമിക്കാൻ ഇയാൾ ശ്രമിച്ചെപ്പോൾ നാട്ടുകാർ തടഞ്ഞിരുന്നെന്നു പറയപ്പെടുന്നു. നെല്ലിക്കുറ്റി വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി കൂടിയായ ബിജുവിനെ മർദിച്ചതിൽ പ്രതിഷേധിച്ച് നെല്ലിക്കുറ്റിയിൽ ഹർത്താലാണ്.