റിനി പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് കെ ജെ ഷൈന്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ നടപടികളിലേക്ക് നയിച്ച പ്രതികരണം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഐഎമ്മിന്റെ പെണ്‍ പ്രതിരോധ സംഗമം. കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റിയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിപാടി സംഘടിപ്പിച്ചത്. മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സിപിഐഎം നേതാവ് കെ ജെ ഷൈന്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഇന്നലെ വൈകിട്ടായികുന്നു പരിപാടി സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്ക് വേണ്ടി ഒരക്ഷരം എങ്കിലും സംസാരിക്കേണ്ടതിന്റെ ദൗത്യം ഉണ്ടെന്ന് തോന്നിയതുകൊണ്ടാണ് വേദിയില്‍ എത്തിയതെന്ന് റിനി പറഞ്ഞു. പത്ത് വയസുള്ള ഒരു കുട്ടി അല്‍പം ഗൗരവത്തോടെ സംസാരിച്ചാല്‍ അവള്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുമെന്ന് റിനി പറഞ്ഞു. 93 വയസുള്ള ഒരു സ്ത്രീ അവരുടെ അഭിപ്രായം പറഞ്ഞാല്‍ അവര്‍ക്ക് നേരെയും സൈബര്‍ ആക്രമണം നടക്കും. പുരുഷന്മാര്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ അവര്‍ക്കെതിരെ വിയോജിപ്പുകള്‍ ഉണ്ടാകാം. എന്നാല്‍ സ്ത്രീകള്‍ക്കെതിരെ ഉയരുന്ന നിലയിലുള്ള സൈബര്‍ ആക്രമണം അവര്‍ക്ക് നേരെ ഉണ്ടാകുന്നില്ലെന്നും റിനി പറഞ്ഞു. റിനി പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് കെ ജെ ഷൈന്‍ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

ഒരു യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നടപടികളില്‍ കലാശിച്ചത്. ഒരു യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ ‘ഹു കെയേഴ്‌സ്’ എന്നായിരുന്നു ആറ്റിറ്റിയൂഡ് എന്നും റിനി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെയായിരുന്നു പ്രതികരണം. എന്നാല്‍ ഇത് രാഹുല്‍ ആണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായി. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ സ്വീകരിച്ച ‘ഹു കെയേഴ്‌സ്’ ആറ്റിറ്റിയൂഡ് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യല്‍ മീഡിയുടെ പ്രതികരണം.